തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ വാക്കൗട്ട് പ്രസംഗത്തിൽ ഇടപെടാൻ ധനമന്ത്രി ശ്രമിച്ചതിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സപ്ലൈകോക്ക് സാധനങ്ങൾ വാങ്ങാൻ ആവശ്യമായ പണം അനുവദിക്കുന്നില്ലെന്നും കെ.എസ്.ആർ.ടി.സിയെ പോലെ സപ്ലൈകോയെ ദയാവധത്തിന് വിടുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
കെ.എസ്.ആർ.ടി.സിയെ കുറിച്ചുള്ള വി.ഡി സതീശന്‍റെ പരാമർശത്തിൽ ഇടപെടാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ശ്രമിച്ചത്. എന്നാൽ, ധനമന്ത്രിക്ക് വഴങ്ങാൻ പ്രതിപക്ഷ നേതാവ് തയാറായില്ല. അതേസമയം, ഹോർട്ടികോർപിലെ പച്ചക്കറിയുടെ വില സംബന്ധിച്ച് വിശദീകരിക്കാൻ കൃഷിമന്ത്രിയെ പ്രതിപക്ഷ നേതാവ് അനുവദിച്ചു. ഇതിന് പിന്നാലെ മന്ത്രിമാർ വീണ്ടും ഇടപെടാൻ ശ്രമിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിന്‍റെ സമീപമെത്തുകയായിരുന്നു.
വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. വിപണിയിൽ ഇടപെടൽ നടത്തി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
ചെറുപയറിന് സപ്ലൈകോയിൽ 74 രൂപയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, പൊതുവിപണിയിൽ 120 രൂപയാണ് വില. അതുപോലെ സപ്ലൈകോയിൽ ഉഴുന്നുപരപ്പിന് 66ഉം കടലക്ക് 43ഉം വൻപയർ 45ഉം മുളകിന് 75ഉം രൂപയാണെങ്കിൽ പൊതുവിപണിയിൽ യഥാക്രമം 130, 160, 120, 320 രൂപയുമാണ്. സാധനങ്ങൾക്ക് ഇരട്ടിയും മൂന്നിരിട്ടിയുമാണ് പൊതുവിപണിയിലെ വില. നെടുമങ്ങാട് സപ്ലൈകോ പീപ്പിൾ ബസാറിൽ മുളക്, വൻപയർ, കടല, ഉഴുന്ന് എന്നിവ ലഭ്യമല്ല.
സപ്ലൈകോ സാധനം വാങ്ങിച്ചതിന്‍റെ പണം കൊടുക്കാനുണ്ട്. അതിനാൽ, കരാറുകാർ സാധനം നൽകുന്നില്ല. അതിനാൽ, പണം സർക്കാർ നൽകണം. ഓണത്തിന് മുമ്പ് സപ്ലൈകോക്ക് 700 കോടി രൂപയുടെ ആവശ്യമുണ്ട്. കരാറുകാർക്ക് കൊടുക്കാൻ 600 കോടി രൂപയുണ്ട്. 1300 കോടി ആവശ്യമുള്ള സപ്ലൈകോക്ക് സാധനം വാങ്ങിക്കാൻ സർക്കാർ 70 കോടി മാത്രമാണ് അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.