നിലമ്പൂർ: കോൺഗ്രസിലും സി.പി.എമ്മിലും പ്രധാന പദവികൾ വഹിക്കുന്ന ആര്യാടൻ ഷൗക്കത്തും എം. സ്വരാജും പാർട്ടി ചിഹ്നങ്ങളിൽ ഏറ്റുമുട്ടുന്നതോടെ നിലമ്പൂരിൽ തീപാറും. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ രംഗത്തെത്തിയ ഇരുവരും മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം നല്ലതുപോലെ അറിയുന്നവരാണ്. മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും അടവുകൾ പതിനെട്ടും പയറ്റും.
സ്ഥാനാർഥി പ്രഖ്യാപനം നടന്നതോടെ കോരിച്ചൊരിയുന്ന മഴ വകവെക്കാതെ എൽ.ഡി.എഫ് പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി. പഞ്ചായത്തുകൾ തോറും ബൈക്ക് റാലികളും നടന്നു. പോസ്റ്റർ പതിക്കലുമായി സി.പി.എം പ്രവർത്തകർ സജീവമായി രംഗത്തിറങ്ങി. എം. സ്വരാജ് തിരുവനന്തപുരത്തായതിനാൽ, സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നടത്തുമെന്നറിയിച്ചിരുന്ന എൽ.ഡി.എഫ് റോഡ് ഷോ ശനിയാഴ്ചത്തേക്ക് മാറ്റി. അണികളിൽ കൂടുതൽ ആവേശം പകരാൻ ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലെത്തും.
നേരത്തേ രംഗത്തിറങ്ങിയ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എ.കെ. ആന്റണി ഉൾപ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർഥന നടത്തി. മണ്ഡലത്തിലെ 236 ബൂത്തുകളിലും യു.ഡി.എഫ് കൺവെൻഷനുകൾ പൂർത്തിയാക്കി. ശനിയാഴ്ച രാവിലെ 11 ന് നിലമ്പൂർ തഹസിൽദാർ മുമ്പാകെ ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിക്കും. ശക്തനായ എതിരാളി വന്നതോടെ ശക്തിപ്രകടനത്തോടെ പത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. എസ്.ഡി.പി.ഐ സ്ഥാനാർഥിയും പ്രചാരണത്തിൽ സജീവമായി. എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ഇടംവലം മാറിമറിഞ്ഞ മണ്ഡലത്തിൽ ആരുടെയും വിജയസാധ്യത പ്രവചിക്കാനാവില്ല. ഏഴ് പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെട്ടതാണ് മണ്ഡലം. അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും എൽ.ഡി.എഫിന്റെ കൈവശമാണ്. വഴിക്കടവ്, എടക്കര, മൂത്തേടം, കരുളായി, ചുങ്കത്തറ പഞ്ചായത്തുകളിൽ യു.ഡി.എഫുമാണ്. 2700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.വി. അൻവറിലൂടെ എൽ.ഡി.എഫ് മണ്ഡലം തുടർച്ചയായി രണ്ടാമതും നിലനിർത്തിയത്.
അൻവറിന്റെ നിലപാട് നിർണായക ഘടകമാവും. സംസ്ഥാന സർക്കാരിന്റെ തകർച്ച നിലമ്പൂരിൽ നിന്ന് ആരംഭിക്കുമെന്ന പി.വി അൻവറിന്റെ പ്രസ്താവന സി.പി.എം വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നതിനാൽ പോരാട്ടം കനക്കുന്ന ദിനങ്ങളാണിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.