Representational Image
കാഞ്ഞങ്ങാട്: നബിദിനാഘോഷത്തിന്‍റെ ഭാഗമായി ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ച പതിനഞ്ചോളം കുട്ടികളെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ച കുട്ടികൾക്കാണ് ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ടത്.
15 കുട്ടികളെ രാത്രിതന്നെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ കഴിഞ്ഞദിവസം രാത്രി നടന്ന നബിദിനാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പിയിരുന്നു. പള്ളിപ്പരിസരത്ത് പാചകം ചെയ്ത ഭക്ഷണം തികയാതെ വന്നതോടെ ശേഷിച്ചവർക്ക് തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് ഷവർമ വാങ്ങി നൽകുകയായിരുന്നു. ഇത് കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്നാണ് പരാതി.
പഴകിയ ഷവർമയാണ് നൽകിയതെന്ന് പരാതിയുണ്ട്. ആളുകൾ ഹോട്ടലിന് മുന്നിൽ ബഹളമുണ്ടാക്കിയതോടെ ചെറിയ സംഘർഷവുമുണ്ടായി. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ച് ആരോഗ്യവകുപ്പിന് വിവരം നൽകി.
പൂച്ചക്കാട് സ്വദേശികളായ റിഫ ഫാത്തിമ (16), ഫാത്തിമത്ത് ഷാക്കിയ (13), നഫീസ മൻസ (13), നഫീസത്ത് സുൽഫ (13) എന്നീ കുട്ടികൾ ചികിത്സയിലാണ്. മറ്റുള്ള കുട്ടികളെ പരിശോധനക്കുശേഷം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.