കുട്ടികൾ മാത്രമല്ല, മുതിർന്നവരും മകനെ മർദിച്ചു -താമരശ്ശേരിയിൽ ക്രൂരമർദനമേറ്റ വിദ്യാർഥിയുടെ പിതാവ്

താമരശ്ശേരി: മകനെ കുട്ടികൾ മാത്രമല്ല മുതിർന്നവരും ക്രൂരമായി മർദിച്ചെന്ന് കോഴിക്കോട് താമരശ്ശേരിയിൽ ഫെയർവെൽ പരിപാടിക്കിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിൽ ഗുരുതര പരിക്കേറ്റ് അതിതീവ്ര വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ പിതാവ്. പൊലീസ് സംഭവം നിഷ്പക്ഷമായി അന്വേഷിക്കണമെന്നും നീതി ലഭിക്കണമെന്നും ഇനിയൊരു കുട്ടിക്കും ഈ അനുഭവം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം 4.30ഓടെ മകനെ വിളിച്ചുകൊണ്ടുപോയി രണ്ട് സ്ഥലത്തുവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. മകനെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയുള്ള ആക്രമണമാണ് നടത്തിയത്. മകനെ തല്ലിച്ചതച്ചെന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നലെയാണ് എളേറ്റിൽ വട്ടോളി എം.ജെ.എച്ച്.എസ്.എസ് വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് സ്കൂളിലെ വിദ്യാർഥികളും സ്വകാര്യ ട്യൂഷൻ കേന്ദ്രത്തിലെ ഫെയർവെൽ പരിപാടിക്കിടെ ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെന്‍ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയിൽ എളേറ്റിൽ വട്ടോളി സ്കൂളിലെ വിദ്യാർഥിയുടെ ഡാൻസിനിടെ പാട്ട് നിന്നുപോയപ്പോൾ താമരശ്ശേരി സ്കൂളിലെ ഏതാനും കുട്ടികൾ കൂകി വിളിച്ചു. ഇതോടെ, തർക്കമായി. പരസ്പരം കലഹിച്ച് വാക്കേറ്റം നടത്തിയ കുട്ടികളെ അധ്യാപകർ ഇടപെട്ട് സമാധാനിപ്പിച്ചിരുന്നു.

എന്നാൽ പിന്നീട് വാട്സാപ്പ് ഗ്രൂപ്പിലൂടെയും മറ്റും ഇരുസംഘവും പ്രകോപനം തുടർന്നു. ഒടുവിൽ ഇന്നലെ വ്യാഴാഴ്ച വൈകീട്ട് ട്യൂഷൻ സെന്‍ററിന് സമീപം സംഘടിച്ചെത്തി ഏറ്റുമുട്ടുകയായിരുന്നു.

എളേറ്റിൽ വട്ടോളി സ്കൂളിലെ ചുങ്കം പാലോറക്കുന്ന് സ്വദേശിയായ പത്താംക്ലാസുകാരന് തലക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.

Tags:    
News Summary - father says about thamarassery students clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.