അടൂർ: ഭാര്യയെ കാണ്മാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലുവയസ്സുകാരൻ മകനുമായി സ്വകാര്യ ബസിന് മുന്നിൽ ചാടി പിതാവിന്റെ ആത്മഹത്യശ്രമം. ഡ്രൈവർ സമയോചിതമായി ബസ് ബ്രേക്കിട്ടതിനെത്തുടർന്ന് ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9.30ന് അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം.
അടൂർ ജനറൽ ആശുപത്രിക്കു സമീപമുള്ള സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.ടി.സി ജങ്ഷൻ ഭാഗത്തേക്ക് വരുകയായിരുന്ന അശ്വിൻബസിന്‍റെ മുന്നിലേക്ക് കുട്ടിയെ എടുത്ത് നടക്കുകയായിരുന്ന പിതാവ് പെട്ടെന്ന് ചാടുകയായിരുന്നു. ബസ് ഡ്രൈവർ ഇളമണ്ണൂർ മാരൂർ ചാങ്കൂർ സ്വദേശി ബി. ഉണ്ണികൃഷ്ണൻ സഡൻ ബ്രേക്കിട്ട് നിർത്തിയതോടെ കുട്ടിയുമായി ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
നാട്ടുകാർ തടഞ്ഞുനിർത്തിയെങ്കിലും പാർഥസാരഥി ക്ഷേത്രം ജങ്ഷനിലേക്ക് വീണ്ടും ഓടി. ട്രാഫിക് ഹോം ഗാർഡ് ജി. ശ്രീവത്സൻ ഇയാളെ തടഞ്ഞുനിർത്തുകയും ട്രാഫിക് അധികൃതരെ അറിയിക്കുകയുമായിരുന്നു. ട്രാഫിക് എൻഫോഴ്സ്മെന്‍റ് എസ്.ഐമാരായ ജി. സുരേഷ് കുമാർ, ടി.എൻ. അയൂബ്, സി.പി.ഒ ഷിമിം എന്നിവർ സ്ഥലത്തെത്തി പിതാവിനെയും മകനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തന്‍റെ ഭാര്യയെ കാണാനില്ലെന്നും തന്നെ വിട്ടുപോയെന്നും പൊലീസിനോട് ഇയാൾ പറഞ്ഞു. എന്നാൽ, ഈ സമയം ഭാര്യ, മകനെയും ഭർത്താവിനെയും തിരക്കി ആശുപത്രിയിൽ നടക്കുകയായിരുന്നു. ഇവരെ ട്രാഫിക് എസ്.ഐ ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽനിന്ന് കണ്ടെത്തി. തുടർന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി, ആലപ്പുഴ സ്വദേശികളായ കുടുംബത്തെ, ഓട്ടോറിക്ഷയിൽ കയറ്റി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.