കോഴിക്കോട്: ഫാസ്‌ടാഗിൽ പണമില്ലാത്തതിനാൽ എന്‍.എച്ച്-66 ല്‍ നിന്ന് വണ്‍വേ തെറ്റിച്ച് തിരിഞ്ഞോടി കെ.എസ്.ആർ.ട.സി ബസ്. കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടകരമായ രീതിയില്‍ എൻ.എച്ചിലൂടെ കടന്നുപോയത്. മറ്റു വാഹനങ്ങളിലുള്ളവര്‍ പ്രതികരിച്ചതോടെ സ്‌ലോ ട്രാക്കിലേക്ക് വാഹനം മാറ്റുകയായിരുന്നു.
കഴിഞ്ഞ നാലാം തീയതി മൂന്നിനായിരുന്നു സംഭവം നടന്നത്. കോഴിക്കോടൻ കിച്ചൺസിന്റെ സമീപം എക്സിറ്റിൽ വെച്ച് ബസ് സർവിസ് റോഡിലേക്ക് പ്രവേശിക്കുന്നതും ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് പോകാൻ 445 രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ഫാസടാഗിൽ ഈടാക്കിയിരുന്നത്. യു.പി.ഐ വഴി അടക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടി വരും. ഇത് ഒഴിവാക്കാനായിരുന്നു കെ.എസ്.ആർ.ടി.സിയുടെ നീക്കം.
അതേസമയം, രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കിത്തുടങ്ങി. മുമ്പ് നിരോധനമുണ്ടെങ്കിലും ഇപ്പോഴാണ് കർശനമാക്കുന്നത്. നടപടികൾ തുടങ്ങിയെന്നും ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ പോയന്റുകളിലും വിലക്ക് നടപ്പാക്കുമെന്നും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ പറഞ്ഞു. ആളുകളുടെ സുരക്ഷക്കുവേണ്ടിയാണ് ഇത്തരം നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ആറുവരിപ്പാതയിലേക്ക് ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും വിലക്കേർപ്പെടുത്തി ബൈപ്പാസ് തുറന്നപ്പോൾ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇത് ആരും പാലിക്കാറില്ല. ഓവർടേക്ക് ചെയ്യാനുള്ള മൂന്നാമത്തെ വരിയിലൂടെവരെ ഇരുചക്രവാഹനങ്ങൾ പോവുന്നുണ്ട്. മഴ തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ അപകടമുണ്ടാക്കുമെന്ന് കണ്ടാണ് കഴിഞ്ഞദിവസം സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ പദം സിങ്ങിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് കർശനമാക്കാൻ തീരുമാനിച്ചത്.
നിരോധനം ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കും. ആറുവരിപ്പാതയിലും സർവിസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരേ നടപടിയെടുക്കാനും തീരുമാനിച്ചു. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസിന്റെ സഹായത്തോടെ ദേശീയപാത അതോറിറ്റി ക്രെയിൻ ഉപയോഗിച്ച് നീക്കും. വാഹനം കേടായാൽ മാത്രമേ നിർത്തിയിടാൻ അനുവദിക്കൂ. നിലവിൽ ആറുവരിപ്പാതയിലും സർവിസ് റോഡിലും പാർക്കു ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.