കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ 84 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുടുംബം

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്തു. 84 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനിൽകുമാറിന്‍റെ കുടുംബം ആവശ്യപ്പെട്ടിട്ടുള്ളത്.

മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം തലയോട് ചേര്‍ന്ന് ഉറച്ചുപോയ കൈകള്‍ മറ്റൊരു ആശുപത്രിയിൽ ചികിത്സിച്ചതിനുശേഷമാണ് പൂർവ സ്ഥിതിയിലായത്. ഇതിന്‍റെ റിപ്പോർട്ടും ബന്ധുക്കൾ ഹാജരാക്കും. ഇപ്പോഴും ചികില്‍സ തുടരുകയാണെന്നും ബന്ധുക്കള്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മദ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് കേസ് നൽകിയിരിക്കുന്നത്. ചികിത്സ നൽകാൻ ഉത്തരവാദിത്തപ്പെട്ടവർ നൽകിയില്ല, രോഗിയുടെ ആരോഗ്യ സ്ഥിതി മോശമായിട്ടും മികച്ച ചികിത്സയും പരിചരണവും നിഷേധിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറഞ്ഞിട്ടുള്ളത്.

വീണ് പരിക്കേറ്റ അനിൽ കുമാറിന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ചപ്പോൾ മുറിവിൽ പുഴുവരിച്ച നിലയിലായിരുന്നു. സംഭവത്തിൽ ഡോ.അരുണയെ സസ്പെന്‍ഡ് ചെയ്തെങ്കിലും നടപടിക്കെതിരെ ഡോക്ടര്‍മാര്‍ സമരം ചെയ്തതോടെ സസ്പെന്‍ഷൻ പിൻവലിക്കുകയായിരുന്നു.

Tags:    
News Summary - Family seeks Rs 84 lakh compensation for covid patient worm infestation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.