അട്ടപ്പാടിയിൽ 12 ഏക്കർ ആദിവാസി ഭൂമിക്ക് വ്യാജരേഖ: കൈയേറ്റക്കാർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

കോഴിക്കോട് : അട്ടപ്പാടിയിൽ 12 ഏക്കർ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി കൈയേറാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി. വരഗംപാടിയിൽ താമസിക്കുന്ന ചന്ദ്രമോഹൻ ആണ് മുഖ്യമന്ത്രിക്കും ലാൻഡ് റവന്യൂ കമീഷണർക്കും പാലക്കാട് കലക്ടർക്കും പരാതി നൽകിയത്. പരാതി പ്രകാരം ചന്ദ്രമോഹന്റെ മുത്തച്ഛനായ രങ്കന്റെ പേരിൽ 1413/1, 1412/1എന്നീ സർവേ മ്പരിൽ 12 ഏക്കർ ഭൂമിയുണ്ട്. ഈ ഭൂമിയുടെ നിലവിലെ ആവകാശികൾ ചന്ദ്രമോഹനും രണ്ടു സഹോദരിമാരുമാണ്.

എന്നാൽ, കഴിഞ്ഞ ആഴ്ച നെല്ലിപ്പതി സ്വദേശിയായ ജോസഫ് കുര്യൻ എന്നയാൾ ചന്ദ്രമോഹന്റെ വീട്ടിലെത്തി ഈ ഭൂമിയിൽ നിന്ന് കുടിയിറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഈ ഭൂമി ജോസഫ് കുര്യൻ പണം കൊടുത്ത് വാങ്ങിയെന്നും അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ കൈവശം ഈ ഭൂമിയുടെ പ്രമാണം ഉണ്ടെന്നും ചന്ദ്രമോഹന്റെ പിതാവായ നാരായണനോട് പറഞ്ഞു.

കുടിയൊഴിഞ്ഞില്ലെങ്കിൽ ഒഴിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ജോസഫ് കുര്യൻ എന്നയാൾ അട്ടപ്പാടിയിൽ നിരവധി സ്ഥലങ്ങളിൽ ആദിവാസി ഭൂമിക്ക് വ്യാജരേഖകളുണ്ടാക്കുകയും റവന്യൂ അധികാരികളെ സ്വാധീനിച്ച് നികുതി രസീതും, കൈവശ സർട്ടിഫിക്കറ്റും മറ്റും സംഘടിപ്പിച്ച്, കോടതികളിൽ കേസുകൾ രജിസ്റ്റർ ചെയ്ത് ആദിവാസികളെ കുടിയൊഴിപ്പിക്കുന്ന വൻ ഭൂമാഫിയ സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും പരാതിയിൽ പറയുന്നു.


അതിനാൽ സ്വന്തം ഭൂമിയിൽ വീട് വെച്ച് താമസിക്കുന്ന ആദിവാസികളെ വീട്ടിൽ നിന്ന് കുടിഒഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോസഫ് കുര്യനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ആദിവാസി ഭൂമി സംരക്ഷിക്കണമെന്നും ചന്ദ്രമോഹൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

വില്ലേജിലെ സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം മുത്തച്ഛന്റെ ഭൂമിയാണെന്ന് ചന്ദ്രമോഹൻ ‘മാധ്യമം ഓൺലൈനോ’ട് പറഞ്ഞു. ആദിവാസി ഭൂമിക്ക് വ്യാജരേഖകൾ ഉണ്ടാക്കിയവർക്കെതിരെ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - False delineation of 12 acres of tribal land in Attapadi: Complaint to Chief Minister against encroachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.