കണ്ണൂർ: കാസർകോട് ലോക്സഭ മണ്ഡലത്തിലെ കണ്ണൂർ ജില്ലയിൽപെട്ട പിലാത്തറ എ.യു.പി സ്കൂളിൽ കള്ളവോട്ട് ചെയ്ത സി.പി.എം പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തു. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശപ്രകാരം പരിയാരം മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ചെറുതാഴം പഞ്ചായത്ത് അംഗം എൻ.പി.സെലീന, മുൻ പഞ്ചായത്തംഗം കെ.പി.സുമയ്യ, പിലാത്തറ സ്വദേശി പത്മിനി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സെക്ഷൻ 171ൽ സി,ഡി,എഫ് വകുപ്പുകൾ പ്രകാരമാണ് കേസ്. മൂന്നുപേരും ഒന്നിലധികം തവണ വോട്ടു ചെയ്യുന്നത് വെബ് കാമറയിൽ തെളിഞ്ഞിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ യു.ഡി.എഫ്, തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയും കമീഷൻ നിർദേശപ്രകാരം ജില്ല കലക്ടർ അന്വേഷണം നടത്തി റിപ്പോർട്ടു നൽകുകയും ചെയ്തു. ഇവർ കമ്പാനിയൻ വോട്ടാണ് ചെയ്തതെന്നായിരുന്നു സി.പി.എം വാദം. എന്നാൽ, സി.പി.എം വാദം തള്ളിയാണ് പൊലീസും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആൾമാറാട്ടം, അന്യായമായി തെരഞ്ഞെടുപ്പിൽ ഇടപെടുന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതിനിടെ, പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന വാദവുമായി പാമ്പുരുത്തിയിലെ സി.പി.എം ബൂത്ത് ഏജൻറ് സി.കെ. മുഹമ്മദ് കുഞ്ഞ് തെരഞ്ഞെടുപ്പ് കമീഷനും കണ്ണൂർ ജില്ല കലക്ടർക്കും പരാതി നൽകി. പാമ്പുരുത്തിയിലെ 116 നമ്പർ ബൂത്തിൽ ലീഗ് പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്തെന്നും അക്രമം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിെൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കലക്ടർ, സി.കെ. മുഹമ്മദ് കുഞ്ഞിനെ തെളിവെടുപ്പിന് വിളിപ്പിച്ചിട്ടുണ്ട്. മലപ്പട്ടം കൊളന്ത എ.എൽ.പിയിലെ 187ാം നമ്പർ ബൂത്തിൽ 20 കള്ളവോട്ടുകൾ, മലപ്പട്ടത്തെ തന്നെ പൂക്കണ്ടം ആർ.ജി.എം യു.പി സ്കൂളിലെ 191ാം നമ്പർ ബൂത്തിൽ 72, തലക്കോട് സ്കൂളിലെ 192,193,194 എന്നീ ബൂത്തുകളിൽ 20 കള്ളവോട്ടുകൾ ഉൾപ്പെടെ 112 കള്ളവോട്ടുകൾ നടന്നുവെന്നുകാണിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ്് കമീഷണർക്കും കണ്ണൂർ ജില്ല കലക്ടർക്കും പരാതി നൽകി. വെബ് കാമറ ദൃശ്യങ്ങൾ സഹിതമാണ് പരാതി.
അതേസമയം, കൂടുതൽ കള്ളവോട്ട് പരാതിയുമായി രംഗത്തുവരാനൊരുങ്ങുകയാണ് കോൺഗ്രസ്. കണ്ണൂരിൽ കള്ളവോട്ട് ചെയ്തവർക്കെതിരെയെല്ലാം ക്രിമിനൽ കേസ് കൊടുക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ മാത്രം 20,000 കള്ളവോട്ടുകളാണ് സി.പി.എം ചെയ്തിട്ടുള്ളത്. 94 ബൂത്തുകളിലായാണ് കള്ളവോട്ടുകൾ നടന്നത്. ഇവയുടെ വിഡിയോ ദൃശ്യങ്ങൾ ലഭിക്കുന്നതിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകും. നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രാരംഭ ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.