``കൊല്ലാൻ വേണ്ടി നെഞ്ചിനു തന്നെ നോക്കി വെടിവച്ചു, ഏഴുകൊല്ലം ആ സംഭവത്തെ തമസ്കരിക്കാൻ പിണറായി സർക്കാറിന് കഴിഞ്ഞു''​-ഗ്രോ വാസു

കോഴിക്കോട്: 47 ദിവസത്തെ ജയിൽ വാസത്തിനുശേഷം ​​ഗ്രോവാസു​ മോചിതനായി. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രോസിക്യൂഷന് കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വ്യാജ ഏറ്റുമുട്ടൽ കൊലയാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജാമ്യമെടുക്കാതെ ജയിലിൽ കഴിയുകയായിരുന്നു. ജില്ല ജയിൽ പരിസരത്ത് ആവേശകരമായ സ്വീകരണമാണ് മനുഷ്യാവകാശ പ്രവർത്തകർ വാസുവിന് നൽകിയത്. തുടർന്ന്, മാധ്യമങ്ങളോട് ​ഗ്രോ വാസു ത​െൻറ നിലപാട് വ്യക്തമാക്കി.

വ്യാജ ഏറ്റുമുട്ടലിന് നേതൃത്വം നൽകിയ കൊലയാളികളെ ശിക്ഷിക്കണമെന്ന് ​ഗ്രോവാസു പറഞ്ഞു. കേരള ജനതക്ക് അപമാനകാരമായ സംഭവമാണ് പശ്ചിമഘട്ട ഏറ്റുമുട്ടൽ എന്ന് വിളിക്കപ്പെടുന്ന വ്യാജ ഏറ്റമുട്ടൽ. കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരി എട്ട് മനുഷ്യരെ കമ്മ്യൂണിസ്റ്റ് സർക്കാർ വെടിവച്ച് കൊന്നു. പിണറായി സർക്കാറാണിത് ചെയ്തത്. വെറും 300 കോടിക്ക് വേണ്ടിയാണ് ആ കൊലപാതകം നടത്തിയത്. വിപ്ലവത്തെ കുറിച്ച് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാറാണിതിന് പിന്നിൽ. എ​െൻറ സന്ദേശം, മാവോയിസ്റ്റ് പ്രസ്ഥാനത്തി​െൻറ സന്ദേശം, കേരള ജനതയിലേക്കെത്തിച്ച മാധ്യമപ്രവർത്തകർക്ക് നന്ദി പറയുന്നതായി ഗ്രോ വാസു പറഞ്ഞു. എ​െൻറ ദുർബലമായ ശബ്ദം ഇടിമിന്നൽ പോലെ ജനങ്ങളിലെത്തിച്ചത് മാധ്യമങ്ങളാണ്. 

പിന്നെ പ്രിയപ്പെട്ട രമ(കെ.കെ. രമ എം.എൽ.എ)യെ കുറിച്ചാണ് പറയാനുള്ളത്, പിന്തുണ പ്രഖ്യാപിച്ച് ജയിലിൽ വന്നത് ഏറെ ആവേശകരമാണ്. അവരെ കുറിച്ച് നിങ്ങൾക്കറിയാം. അവരെ ഇത്ര ചെറുപ്പത്തിൽ വിധവയാക്കിയവരെ നിങ്ങൾക്കറിയാം. ഒരു പ്രസംഗം ചെയ്യാനല്ല ഞാൻ നിൽക്കുന്നത്. എനിക്ക് ശ്വാസമുട്ടലുൾപ്പെടെ പ്രയാസങ്ങളുണ്ട്. എന്നാൽ, ഞാൻ ​പ്രതികരിക്കാൻ ബാധ്യസ്ഥനാണ്. കേരള ജനതയ്ക്ക് അപമാനകരമായ സംഭവമാണ് പശ്ചിമഘട്ട ഏറ്റുമുട്ടൽ.

ചെഗു​േവരയുടെ കൊടി ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കുന്ന മാർക്സിസ്റ്റ് ഗവൺമെൻറാണ് ഈ വ്യാജ ഏറ്റുമുട്ടൽ നടത്തിയത്.  ഏഴുകൊല്ലം ആ സംഭവത്തെ തമസ്കരിക്കാൻ പിണറായി സർക്കാറിനു കഴിഞ്ഞു. നെഞ്ചിനു തന്നെ നോക്കി കൊല്ലാൻ വേണ്ടി അവർ വെടിവച്ചു. കൊല്ലാൻ വേണ്ടിയാണ് വെടിവെച്ചത്. ഇവരാണ് കമ്യൂണിസ്റ്റുകാരെന്നു പറഞ്ഞു നാട്ടിൽ നടക്കുന്നത്. ഫാഷിസ്റ്റ് സർക്കാറാണ് കേരളം ഭരിക്കുന്നത്. ഇത്, ജനങ്ങൾ തിരിച്ചറിയുന്നില്ല.  ഈ വിഷയത്തിൽ ജനത ഉണരണം. രണ്ട് ആവശ്യമാണ് ഞാൻ ഉന്നയിക്കുന്നത്. കൊലപാതകത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടക്കണം. പശ്ചിമഘട്ട കൊലയാളികളെ ശിക്ഷിക്കണം. ഇപ്പോൾ, 94 വയസായി, 100 വയസ്സുവരെ ജീവിച്ചാലും മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കും. നമ്മുടെ കുഞ്ഞുങ്ങൾ പോഷകാഹാര കുറവ് കൊണ്ട് മരിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം, രാജ്യത്തെ 70 ശതമാനം ദാരിദ്ര്യരേഖക്ക് കീഴെ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ മുദ്രാവാക്യം വിളിച്ചുകൊ​ണ്ടേയിരിക്കുമെന്നും ഗ്രോവാസു പറഞ്ഞു.

Tags:    
News Summary - Fake encounter killers should be punished: Gro Vasu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.