ആലപ്പുഴ: അഭിഭാഷക ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ സെസി സേവ്യറെ എട്ടുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽവിട്ടു. ക്രൈംബ്രാഞ്ച് നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് മേയ് അഞ്ചുവരെ ചോദ്യംചെയ്യാനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. 21മാസം ഒളിവിൽ കഴിഞ്ഞ വിവിധസ്ഥലങ്ങളിൽ കൊണ്ടുപോകാനും വ്യാജസർട്ടിഫിക്കറ്റ് നിർമിച്ചതടക്കമുള്ളവ കണ്ടെത്താനും കൂടുതൽ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈമാസം 12നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
കസ്റ്റഡിയിൽ വാങ്ങിയതിന് പിന്നാലെ വിശദമായ ചോദ്യംചെയ്യൽ ആരംഭിച്ചതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. രമേശ്കുമാർ പറഞ്ഞു. അന്വേഷണത്തിൽ ഡൽഹി, ഇന്ദോർ അടക്കമുള്ള സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി വ്യക്തമായിട്ടുണ്ട്. കുറഞ്ഞസമയത്തിൽ എത്തിക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കും. എട്ടുദിവസം കുറവായതിനാൽ വിമാനമാർഗം കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങളും ആലോചനയിലുണ്ട്.
മതിയായ യോഗ്യതയില്ലാതെ വ്യാജരേഖകൾ ഉപയോഗിച്ച് അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത് തട്ടിപ്പ് നടത്തിയതിനാണ് രാമങ്കരി നീണ്ടിശ്ശേരി വീട്ടിൽ സെസി സേവ്യറിനെതിരെ (29) സൗത്ത് പൊലീസ് കേസെടുത്തത്. നിയമബിരുദം നേടാതെ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. രണ്ടുവര്‍ഷത്തോളം ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തു. ഇതിനിടെ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
നിരവധി കേസുകളില്‍ ഇവരെ അഭിഭാഷക കമീഷനായും നിയമിച്ചു. ഇതിനിടെയാണ് സെസിക്ക് നിയമബിരുദമില്ലെന്നും വ്യാജരേഖകള്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് കാണിച്ച് ബാര്‍ അസോസിയേഷന് ഊമക്കത്ത് ലഭിച്ചത്. തുടര്‍ന്ന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
തട്ടിപ്പ് കണ്ടെത്തിയ ബാർ അസോസിയേഷൻ ഇവരെ പുറത്താക്കി പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോകുകയായിരുന്നു. നീണ്ടനാളത്തെ ഒളിവിനുശേഷം ഈമാസം 25ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സെസി സേവ്യർ കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.