കൊച്ചി: കാലാവധിക്കുശേഷം ഒരു വർഷം കഴിഞ്ഞാൽ ഡ്രൈവിങ് ടെസ്റ്റ് പാസായിട്ടില്ലെങ്കിൽ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിക്കാൻ മോട്ടോർ വാഹന ആക്ടിൽ വ്യവസ്ഥയുണ്ടെന്ന് ഹൈകോടതി. ഡ്രൈവിങ് ടെസ്റ്റ് പാസാകാത്തവർക്ക് ലൈസൻസ് പുതുക്കാൻ ടെസ്റ്റ് ബാധകമാക്കി 2019ൽ പുറപ്പെടുവിച്ച സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കുറുമശ്ശേരി സ്വദേശി സെബാസ്റ്റ്യൻ ജേക്കബ് നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ നിരീക്ഷണം.
2000 നവംബറിൽ ലഭിച്ച ലൈസൻസ് കോവിഡ് കാലഘട്ടത്തിൽ പുതുക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷം പുതുക്കാൻ ഹരജിക്കാരൻ 2022 ജൂലൈയിൽ കൊടുവള്ളി ജോ. ആർ.ടി ഓഫിസിൽ അപേക്ഷ നൽകി. 2032 വരെ കാലാവധി നീട്ടി ലൈസൻസ് പുതുക്കി ലഭിക്കുകയും ചെയ്തു. പിന്നീട് ലാമിനേറ്റഡ് ലൈസൻസ് സ്മാർട്ട് കാർഡ് ആക്കാനായി അങ്കമാലി ജോ. ആർ.ടി ഓഫിസിൽ അപേക്ഷ നൽകി. എന്നാൽ, ഓഫിസിൽ നേരിട്ട് ഹാജരാകാനും ഡ്രൈവിങ് ടെസ്റ്റ് നടത്താതെ ലൈസൻസ് പുതുക്കിയത് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാനും നോട്ടീസ് ലഭിച്ചു. കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ ലൈസൻസ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് വേണമെന്ന സർക്കുലർ പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നോട്ടീസ്.
തുടർന്നാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനകം പുതുക്കാത്ത ലൈസൻസുകളുടെ കാര്യത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താത്തപക്ഷം പുതുക്കി നൽകാനുള്ള അപേക്ഷ അധികൃതർക്ക് നിരസിക്കാനാവുമെന്ന് കോടതി വ്യക്തമാക്കി. നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത് പഴക്കമുള്ള ലൈസൻസ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് ബാധകമാക്കാനുദ്ദേശിച്ചാണ്. അതിനാൽ, സർക്കുലർ റദ്ദാക്കേണ്ട കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കാരണം കാണിക്കൽ ഘട്ടത്തിൽ നൽകിയ ഹരജി തീർപ്പാക്കുന്നതായും അപേക്ഷയിന്മേൽ നിയമപരമായ നടപടികൾ അധികൃതർക്ക് സ്വീകരിക്കാമെന്നും വ്യക്തമാക്കിയ കോടതി ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.