കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര: കലക്ടറുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും

തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ജില്ല കലക്ടർ നൽകിയ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി തീരുമാനമെടുക്കും. സംഭവം വിവാദമായതിന് പിന്നിൽ കോന്നിയിലെ രാഷ്ട്രീയ വിഷയം കൂടി ഉൾപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടതത്രേ. എന്നാൽ ഔദ്യോഗികമായി അവധിയെടുത്താണ് ജീവനക്കാർ ഉല്ലാസയാത്ര പോയതെന്നാണ് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. മാത്രവുമല്ല, ജീവനക്കാർ അവധിയെടുത്തത് കാരണം പൊതുജനത്തിന് ബുദ്ധിമുട്ട് സംഭവിച്ചതായി പരാതിയും ലഭിച്ചിട്ടില്ല.

സംഭവദിവസം ആവശ്യവുമായി വന്നയാളുടെ അപേക്ഷ ഉദ്യോഗസ്ഥർക്ക് പരിഹരിക്കാൻ കഴിയുന്നതല്ലെന്നാണ് ലഭിച്ച വിവരം. എന്നാൽ, ജീവനക്കാർക്ക് കൂട്ടഅവധി നൽകുമ്പോൾ മേലുദ്യോഗസ്ഥൻ വിശദമായി പരിശോധിക്കണമായിരുന്നുവെന്നാണ് കണ്ടെത്തൽ.ഇതിന്‍റെ അടിസ്ഥാനത്തിൽ റവന്യൂ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതിന് മാര്‍ഗരേഖ തയാറാക്കാൻ നീക്കമുണ്ട്. വ്യാഴാഴ്ച ചേർന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് വിവരം.

താലൂക്ക് ഓഫിസിൽ 60ഓളം ജീവനക്കാരുള്ളതിൽ 20 പേരാണ് ഉല്ലാസയാത്ര പോയത്. 36 പേർ ലീവിലായിരുന്നു.അതിൽ 16 പേർ പലകാരണങ്ങളാൽ നേരത്തെ തന്നെ ലീവിലായിരുന്നു. ഉല്ലാസയാത്ര പോയ 20ൽ 16 പേർ മുൻകൂട്ടി അവധി പറഞ്ഞവരാണ്. മറ്റ് നാലുപേർ അന്നേദിവസം

അവധിയും കൊടുത്തിട്ടുണ്ടത്ര. അവധിയുടെ രേഖകളെല്ലാം ശരിയാണെന്നാണ് കലക്ടറുടെ പരിശോധനയിലും കണ്ടെത്താൻ കഴിഞ്ഞത്.ലാൻഡ് റവന്യൂ കമീഷണർക്ക് പത്തനംതിട്ട കലക്ടർ വ്യാഴാഴ്ച റിപ്പോർട്ട് കൈമാറി. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഇത് പരിശോധിച്ചശേഷമാകും മുഖ്യമന്ത്രിക്ക് നൽകുക.

Tags:    
News Summary - Excursion by group leave: Chief Minister will take decision on Collector's report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.