കുടുംബത്തിൽ ആർക്കും ക്യാൻസർ വന്നിട്ടില്ലെങ്കിൽ നിങ്ങളും സുരക്ഷിതരാണോ?; യാഥാർഥ്യം ഇതാണ്!
"ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ക്യാൻസർ വന്നിട്ടില്ല അതിനാൽ എനിക്ക് ഈ രോഗം വരാൻ സാധ്യതയില്ല" എന്ന് പലരിൽ നിന്നും നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒരു തെറ്റായ ധാരണയാണിത്. എന്നാൽ പാരമ്പര്യമായി ക്യാൻസർ ചരിത്രമില്ല എന്നത് നിങ്ങളെ ഈ രോഗത്തിൽ നിന്ന് പൂർണ്ണമായും സുരക്ഷിതനാക്കുന്നുണ്ടോ? ആധുനിക വൈദ്യശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇല്ല എന്ന് തന്നെയാണ്. കുടുംബപാരമ്പര്യം ഒരു ഘടകമാണെങ്കിലും ക്യാൻസർ ബാധിക്കുന്ന ഭൂരിഭാഗം വ്യക്തികളിലും അതിന് കാരണം ജീവിതശൈലിയും പരിസ്ഥിതി ഘടകങ്ങളുമാണ്. ഈ വിഷയത്തിലുള്ള തെറ്റിദ്ധാരണകൾ മാറ്റേണ്ടതും യഥാർത്ഥ വശങ്ങൾ മനസ്സിലാക്കേണ്ടതും രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്.
ക്യാൻസറിന് പിന്നിലെ ജനിതക ഘടകം
ക്യാൻസർ ജനിതക തകരാറുകൾ മൂലമുണ്ടാകുന്ന രോഗമാണെന്നത് ശരിയാണ്. എന്നാൽ അത് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടണമെന്നില്ല. ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്യാൻസർ കേസുകളിൽ 5 മുതൽ 10 ശതമാനം വരെ മാത്രമാണ് മാതാപിതാക്കളിൽ നിന്നോ പൂർവ്വികരിൽ നിന്നോ പാരമ്പര്യമായി ലഭിക്കുന്ന ജനിതക വ്യതിയാനങ്ങൾ മൂലം അർബുദം ഉണ്ടാകുന്നത്. ഉദാഹരണങ്ങൾ: BRCA1, BRCA2 തുടങ്ങിയ ജീനുകളിലെ മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന സ്തനാർബുദം, അണ്ഡാശയ ക്യാൻസർ, ലിഞ്ച് സിൻഡ്രോം മൂലം ഉണ്ടാകുന്ന കുടൽ ക്യാൻസർ തുടങ്ങിയവയാണ് പാരമ്പര്യ ക്യാൻസറുകൾക്ക് പ്രധാന ഉദാഹരണങ്ങൾ.
എന്താണ് സ്പൊറാഡിക് ക്യാൻസറുകൾ?
ബാക്കി വരുന്ന 90 മുതൽ 95 ശതമാനം ക്യാൻസറുകളും പാരമ്പര്യ ഘടകങ്ങളാലല്ല ഉണ്ടാകുന്നത്. ഒരാളുടെ ജീവിതകാലയളവിൽ അയാളുടെ ശരീരത്തിലെ കോശങ്ങളിൽ ഉണ്ടാകുന്ന ജനിതക വ്യതിയാനങ്ങൾ മൂലമാണ് ഇവ സംഭവിക്കുന്നത്. ഇതിനെയാണ് വൈദ്യശാസ്ത്രം സ്പൊറാഡിക് ക്യാൻസർ എന്ന് വിളിക്കുന്നത്. അതിനാൽ കുടുംബ ചരിത്ര പ്രകാരം ക്യാൻസർ ഇല്ലാത്തവർക്കും തങ്ങളുടെ ജീവിതശൈലി, ചുറ്റുപാടുകൾ, പ്രായം എന്നിവ കാരണം രോഗം വരാനുള്ള സാധ്യത ഉയർന്നതാണ്.
രോഗത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ
സ്പൊറാഡിക് ക്യാൻസറുകൾക്ക് കാരണമാകുന്ന പ്രധാന ജീവിതശൈലി പരിസ്ഥിതി ഘടകങ്ങൾ താഴെ പറയുന്നവയാണ്:
* പുകവലിയും പുകയില ഉപയോഗവും: ക്യാൻസറിലേക്ക് നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് പുകയില. ശ്വാസകോശ ക്യാൻസർ, ഓറൽ ക്യാൻസർ, തൊണ്ടയിലെ ക്യാൻസർ, മൂത്രാശയ ക്യാൻസർ എന്നിവയ്ക്ക് പ്രധാന കാരണം പുകവലിയും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവുമാണ്.
* മദ്യപാനം: അമിതമായ മദ്യപാനം കരൾ, ആമാശയം, വൻകുടൽ, സ്തനം, തൊണ്ട എന്നിവയിലെ അർബുദ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.
* അനാരോഗ്യകരമായ ഭക്ഷണരീതിയും അമിതവണ്ണവും: സംസ്കരിച്ച ആഹാരങ്ങൾ, അമിതമായി വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, റെഡ് മീറ്റ്, വ്യായാമമില്ലായ്മ എന്നിവ വൻകുടൽ, ഗർഭാശയം, വൃക്ക എന്നിവയെ ബാധിക്കുന്ന ക്യാൻസറുകൾക്ക് കാരണമാകാം. കൂടാതെ അമിതവണ്ണം ശരീരത്തിൽ വിട്ടുമാറാത്ത വീക്കങ്ങൾക്കും ഹോർമോൺ വ്യതിയാനങ്ങൾക്കും വഴിതുറക്കുന്നു.
* പരിസ്ഥിതി മലിനീകരണവും രാസവസ്തുക്കളും: വ്യാവസായിക രാസമാലിന്യങ്ങൾ, കീടനാശിനികൾ അടങ്ങിയ ആഹാരം, അസ്ബസ്റ്റോസ് തുടങ്ങിയ വിഷവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കം കോശങ്ങളുടെ ഡി.എൻ.എ ഘടനയെ തകരാറിലാക്കുന്നു.
* അൾട്രാവയലറ്റ് രശ്മികളും റേഡിയേഷനും: സൂര്യനിൽ നിന്നുള്ള അമിതമായ അൾട്രാവയലറ്റ് (യു.വി) രശ്മികൾ ചർമ്മത്തിലെ ക്യാൻസറിന് കാരണമാകാം. അതുപോലെ തന്നെ അനാവശ്യമായ റേഡിയേഷൻ സമ്പർക്കവും അപകടകരമാണ്.
ചിലതരം അണുബാധകൾ:
* ഹ്യൂമൻ പാപ്പിലോമാ വൈറസ് (എച്.പി.വി): ഗർഭാശയഗള ക്യാൻസറിന് (സെർവിക്കൽ ക്യാൻസർ) കാരണമാകുന്നു.
* ഹെപ്പറ്റൈറ്റിസ്-ബി, സി: കരൾ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
എച്. പിലോറി ബാക്ടീരിയ: ആമാശയ ക്യാൻസറിലേക്ക് നയിച്ചേക്കാം.
പ്രായവും ജനിതക വ്യതിയാനങ്ങളും
പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിലെ കോശങ്ങൾ വിഭജിക്കപ്പെടുന്ന പ്രക്രിയയിൽ സ്വാഭാവികമായ പിഴവുകൾ സംഭവിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. ചെറുപ്പത്തിൽ ഇത്തരത്തിലുള്ള ഡി.എൻ.എ പിഴവുകളെ സ്വയം തിരുത്താൻ ശരീരത്തിന് കഴിവുണ്ടെങ്കിലും, പ്രായമാകുന്നതോടെ ഈ പ്രതിരോധ ശേഷി കുറയുന്നു. ഇതും കുടുംബ ചരിത്രമില്ലാത്തവരിൽ ക്യാൻസർ കോശങ്ങൾ വളരാൻ കാരണമാകുന്നു.
ക്യാൻസറിനെ എങ്ങനെ പ്രതിരോധിക്കാം?
കുടുംബത്തിൽ ക്യാൻസർ ഇല്ലെന്ന വിശ്വാസത്തിൽ ആശ്വാസം കണ്ടെത്തുന്നതിന് പകരം, രോഗപ്രതിരോധത്തിനായുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്:
* ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തുക.
* വ്യായാമം ശീലമാക്കുക: ദിവസവും മിതമായ നിരക്കിൽ വ്യായാമങ്ങളിൽ ഏർപ്പെടുകയും ശരീരഭാരം നിയന്ത്രണത്തിൽ നിർത്തുകയും ചെയ്യുക.
* ദുശ്ശീലങ്ങൾ ഒഴിവാക്കുക: പുകവലി, അമിത മദ്യപാനം, മുറുക്കുന്ന ശീലം എന്നിവ പൂർണ്ണമായും ഉപേക്ഷിക്കുക.
* വാക്സിനേഷൻ സ്വീകരിക്കുക: എച്.പി.വി, ഹെപ്പറ്റൈറ്റിസ്-ബി വാക്സിനുകൾ കൃത്യസമയത്ത് എടുക്കുന്നത് പ്രസ്തുത അണുബാധകൾ മൂലമുള്ള ക്യാൻസറുകളെ തടയും.
* സ്ക്രീനിങ് പരിശോധനകൾ: അനാവശ്യ ഭയം ഒഴിവാക്കി, നിശ്ചിത പ്രായത്തിന് ശേഷം മാമോഗ്രാം, പാപ് സ്മിയർ, കൊളോണോസ്കോപ്പി തുടങ്ങിയ പ്രാഥമിക പരിശോധനകൾ നടത്തുന്നത് രോഗം തുടക്കത്തിലേ കണ്ടെത്താൻ സഹായിക്കും.
കുടുംബത്തിൽ ആർക്കും ക്യാൻസർ ഇല്ല എന്നത് ആശ്വാസകരമായ കാര്യമാണെങ്കിലും അത് രോഗത്തിനെതിരെയുള്ള പൂർണ്ണമായ രക്ഷാകവചം അല്ല. നമ്മുടെ ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങളും മുൻകരുതലുകളുമാണ് നമ്മെ അര്ബുദത്തിൽ നിന്നും യഥാർത്ഥത്തിൽ സംരക്ഷിക്കുന്നത്. ലക്ഷണങ്ങൾ കണ്ടാൽ നിസ്സാരമാക്കാതെ കൃത്യസമയത്ത് വൈദ്യസഹായം തേടാൻ ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.