എക്സ് കേഡർ ഡി.ജി.പി: കേരള ആവശ്യം കേന്ദ്രം തള്ളി

തിരുവനന്തപുരം: എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് എ.ഡി.ജി.പിമാരായ എസ്. ആനന്ദകൃഷ്ണന്‍, കെ. പത്മകുമാര്‍ എന്നിവരെ ഡി.ജി.പിമാരാക്കണമെന്ന സംസ്ഥാന സർക്കാറിന്‍റെ ശിപാർശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളി. സംസ്ഥാനത്തിനായി നാല് ഡി.ജി.പി തസ്തിക മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി വി.പി. ജോയി നൽകിയ കത്ത് കേന്ദ്രം നിരാകരിച്ചത്.

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, സംസ്ഥാന വിജിലൻസ് മേധാവി സുദേഷ് കുമാർ, ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ, മനുഷ്യാവകാശ കമീഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ടോമിൻ തച്ചങ്കരി എന്നിവരാണ് നിലവിൽ ഡി.ജി.പി പദവിയിലുള്ള ഉദ്യോഗസ്ഥർ. സംസ്ഥാന പൊലീസ് മേധാവിയായ അനില്‍ കാന്ത് വിരമിക്കുന്ന ഒഴിവിലാണ് എസ്. ആനന്ദകൃഷ്ണന് സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നത്.

എന്നാൽ കഴിഞ്ഞ ജനുവരി 31ന് വിരമിക്കേണ്ട അനിൽകാന്തിന്‍റെ സർവിസ് കാലാവധി സർക്കാർ രണ്ടുവർഷത്തേക്ക് നീട്ടിയതോടെ എസ്. ആനന്ദകൃഷ്ണനും തൊട്ടുപിന്നിലുള്ള കെ. പത്മകുമാറിനും തിരിച്ചടിയായി. ഇനി വിജിലന്‍സ് ഡയറക്ടറായ എസ്. സുദേഷ് കുമാര്‍ സെപ്റ്റംബറില്‍ വിരമിക്കുന്ന ഒഴിവില്‍ മാത്രമേ എസ്. ആനന്ദകൃഷ്ണന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കൂ. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ വിരമിക്കുന്ന ഒഴിവിലാകും കെ. പത്മകുമാറിന് സാധ്യത. 

Tags:    
News Summary - Ex-cadre DGP: Center rejects Kerala demand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.