സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തുന്നു
ചേർത്തല: ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ മുഖ്യപ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടക്കുന്നു. പള്ളിപ്പുറത്തെ രണ്ടരയേക്കറിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. ഓരോ സ്ഥലവും കൃത്യമായി രേഖപ്പെടുത്തിയാണ് പൊലീസിന്റെ തിരച്ചിൽ. സ്ഥലത്തെ പുല്ല് നീക്കുകയും മണ്ണ് മാറ്റുകയും ചെയ്യുന്നുണ്ട്. പരിശോധനക്കിടെ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞദിവസം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത്നിന്ന് ഏകദേശം 25 മീറ്റർ മാറിയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പള്ളിപ്പുറത്തെ വീട്ടിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ സെബാസ്റ്റ്യൻ സീരിയൽ കില്ലറാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഈ മൃതദേഹാവശിഷ്ടങ്ങൾ ആരുടെതാണെന്നറിയാൻ ഡി.എൻ.എ പരിശോധന നടത്താനാണ് തീരുമാനം. അന്വേഷണസംഘം സംശയമുള്ള സ്ഥലങ്ങൾ കുഴിച്ചും കുളം വറ്റിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. മൂന്ന് സ്ത്രീകളുടെ തിരോധാനത്തിലെ പ്രധാന പ്രതി സെബാസ്റ്റ്യനെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുമായി ക്രൈംബ്രാഞ്ച് രണ്ടിടത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാൾ സ്വർണ ഇടപാടുകൾ നടത്തിയ സ്ഥാപനങ്ങളിൽനിന്ന് 27.5 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തു. നഗരത്തിലെ സഹകരണബാങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമായി പണയം വെക്കുകയും പിന്നീട് ഇവിടെ നിന്നെടുത്ത് വില്‍ക്കുകയും ചെയ്ത സ്വര്‍ണമാണ് സംഘം വീണ്ടെടുത്തത്.
ചേര്‍ത്തല ഡിവൈ.എസ്.പി ഓഫിസിനു മുന്നിലുള്ള ശ്രീവെങ്കിടേശ്വര ജ്വല്ലറിയില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കാണാതാകുമ്പോള്‍ ജെയ്നമ്മ ധരിച്ചിരുന്നതെന്നു കരുതുന്ന സ്വര്‍ണമാണ് ഇയാളുടെ സാന്നിധ്യത്തില്‍ വീണ്ടെടുത്തത്. അഞ്ച് പവന്റെ ആഭരണങ്ങൾ വിറ്റതായാണ് വിവരം. ഏറ്റുമാനൂര്‍ സ്വദേശിനിയായ ജെയ്നമ്മയെ കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്നതാകാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്(47), വാരനാട് വെളിയിൽ ഹയറുമ്മ എന്ന ഐഷ, കോട്ടയം ഏറ്റുമാന്നൂര്‍ സ്വദേശിനി ജെയ്നമ്മ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ജെയ്നമ്മയെ കാണാതായ 2024 ഡിസംബര്‍ 23ന് ഉച്ചക്കുശേഷം ചേര്‍ത്തല നഗരത്തിലെ സഹ. ബാങ്കിന്റെ പ്രഭാത-സായാഹ്ന ശാഖയില്‍ സെബാസ്റ്റ്യന്റെ സഹായി മനോജ് 25.5 ഗ്രാം സ്വർണം പണയം വെച്ചിരുന്നു. 24ന് ദേവീക്ഷേത്രത്തിനു വടക്കുവശത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ രണ്ടു ഗ്രാമും പണയംവെച്ചു. പിന്നീട് രണ്ടിടത്തുനിന്ന് സ്വര്ണമെടുത്താണ് ശ്രീവെങ്കിടേശ്വര ജ്വല്ലറിയില്‍ വിറ്റത്. മൂന്നു സ്ഥാപനത്തിലും സെബാസ്റ്റ്യനെ എത്തിച്ചു തെളിവുകള്‍ ശേഖരിച്ചു. വസ്ത്രവ്യാപാരിയാണ് സെബാസ്റ്റ്യൻ.
സെബാസ്റ്റ്യന്റെ വീട് ദുരൂഹതകൾ നിറഞ്ഞതാണ്. രണ്ടേക്കറിലേറെ വരുന്ന സ്ഥലത്താണ് വീടുള്ളത്. ചതുപ്പുകൾ നിറഞ്ഞതും കാടുകയറിയതുമാണ് പുരയിടം. പുരയിടത്തിൽ വലുതും ചെറുതുമായ നിരവധി കുളങ്ങളുണ്ട്. തൊട്ടടുത്തൊന്നും വീടുകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.