കൊച്ചി: ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പരാതിക്കാരിയായ സ്ത്രീ പറയുന്നതെല്ലാം ‘സുവിശേഷ സത്യമാണ്’ എന്ന അനുമാനത്തിന് ഒരു സ്ഥാനവുമില്ലെന്ന് കേരള ഹൈകോടതി.
ഇക്കാലത്ത് നിരപരാധികളെ അത്തരം കേസുകളിൽ പെടുത്താനുള്ള പ്രവണതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ പരാതികൾ എപ്പോഴും സത്യം ആകണമെന്നില്ലെന്നും വ്യാജമെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കണമെന്നും കേരള ഹൈകോടതി പറഞ്ഞു. മുൻ വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ കുറ്റാരോപിതനായ ഒരാൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണങ്ങൾ.
ശരിയായി ജോലി ചെയ്യാത്തതിന് പിരിച്ചുവിട്ട ശേഷം സ്ത്രീ തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പ്രതിയുടെ പ്രാഥമിക പരാതി പോലീസ് അന്വേഷിച്ചില്ലെന്നും ഹൈകോടതി പറഞ്ഞു. ക്രിമിനൽ കേസ് അന്വേഷണം എന്നാൽ പരാതിക്കാരന്റെയും പ്രതിയുടെയും കേസ് അന്വേഷിക്കുക എന്നാണെന്ന് കോടതി പറഞ്ഞു.
‘പരാതിക്കാരി മാത്രം ഉന്നയിച്ച കേസിൽ ഏകപക്ഷീയമായ അന്വേഷണം സാധ്യമല്ല. പരാതിക്കാരി ഒരു സ്ത്രീ ആയതിനാൽ, എല്ലാ കേസുകളിലും അവരുടെ മൊഴികൾ സുവിശേഷ സത്യമാണെന്ന് ഒരു അനുമാനവുമില്ല, കൂടാതെ പ്രതിയുടെ കേസ് പരിഗണിക്കാതെ തന്നെ പൊലീസിന് അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.
ഈ കേസിൽ ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജരായിരുന്ന പ്രതി ലൈംഗിക ഉദ്ദേശത്തോടെ തന്റെ കൈകൾ പിടിച്ചു എന്നായിരുന്നു സ്ത്രീ ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.