വികസന പദ്ധതികള്‍ക്ക് കരുത്തേകി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളം മേഖലാതല അവലോകന യോഗം

കൊച്ചി: എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ വികസന പദ്ധതികള്‍ക്ക് സമയബന്ധിത നിര്‍വഹണം ഉറപ്പാക്കുന്നതിനായുള്ള സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ബോള്‍ഗാട്ടിയില്‍ നടന്ന മേഖലാതല അവലോകന യോഗം. വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികളുടെ കുരുക്കഴിക്കാനും നിലവില്‍ പുരോഗമിക്കുന്ന വികസന-ക്ഷേമ പദ്ധതികളുടെ വേഗം കൂട്ടാനും ആവശ്യമായ തീരുമാനങ്ങളും നടപടികളുമാണ് യോഗത്തിലുണ്ടായത്.

എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ നാല് ജില്ലകളിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലകളിലെ പദ്ധതികളുടെ പുരോഗതിയും പരിഹാരം കാണേണ്ട വിഷയങ്ങളും കലക്ടര്‍മാരായ എന്‍.എസ്.കെ. ഉമേഷ് (എറണാകുളം), വി. വിഗ്നേശ്വരി (കോട്ടയം), ഹരിത വി. കുമാര്‍ (ആലപ്പുഴ), ഷീബ ജോര്‍ജ് (ഇടുക്കി) എന്നിവര്‍ അവതരിപ്പിച്ചു.

അതി ദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യമുക്ത നവകേരളം, വിദ്യാകരണം, ഹരിത കേരളം മിഷന്‍, ലൈഫ് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നീ പദ്ധതികളാണ് പ്രധാനമായും വിലയിരുത്തിയത്. ഓരോ ജില്ലയുമായും ബന്ധപ്പെട്ട പ്രധാനപ്പെട്ട മറ്റു വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം, മാലിന്യമുക്ത നവകേരളം, ഹരിത കേരളം മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതി അവതരണം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും വിദ്യാ കിരണം പദ്ധതി പുരോഗതി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോർജും അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് ലൈഫ് മിഷന്‍ പദ്ധതി അവതരണം നടത്തി. ജലജീവന്‍ മിഷന്‍ പദ്ധതി ജല വിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോക് കുമാര്‍ സിങ്ങും മലയോര ഹൈവേ തീരദേശ ഹൈവേ പദ്ധതികളുടെ പുരോഗതി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവും അവതരിപ്പിച്ചു.

സര്‍ക്കാര്‍ സ്‌കൂളുകളുടെ നിർമാണത്തിനായി അഞ്ച്, മൂന്ന്, ഒന്ന് കോടി രൂപയുടെ കിഫ്ബി പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇവയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും. എറണാകുളം ജില്ലയില്‍ അഞ്ച് കോടി രൂപ മുതല്‍മുടക്കിലുള്ള 15 സ്‌കൂളുകളുടെയും നിർമാണം പൂര്‍ത്തിയായി. ആലപ്പുഴയിലും കോട്ടയത്തും ഒന്‍പതില്‍ എട്ടും ഇടുക്കിയില്‍ അഞ്ചില്‍ നാലും സ്‌കൂളുകളും നിർമാണം പൂര്‍ത്തിയായി.

ഹരിതകേരള മിഷന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പച്ചത്തുരുത്തുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പത്ത് പഞ്ചായത്തുകളില്‍ ഹരിതകൃഷി നടപ്പാക്കുന്നുണ്ട്. ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പില്‍ എറണാകുളം, ആലപ്പുഴ ജില്ലകള്‍ മികച്ച പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി. വേലിയേറ്റം മൂലം വീടുകളില്‍ വെള്ളം കയറുന്നത് സംബന്ധിച്ച പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് യോഗം നിര്‍ദേശിച്ചു. വേമ്പനാട് കായലിലെ എക്കല്‍ നിക്ഷേപം മൂലം കായലിന്റെ ആഴം ഗണ്യമായി കുറയുന്നത് സംബന്ധിച്ച് വിശദമായ പദ്ധതി തയാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വിവിധ ജില്ലകളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേഖലാതല യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - Ernakulam region-level review meeting led by Chief Minister to strengthen development projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.