ഈരാറ്റുപേട്ട: സാമൂഹിക കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുന്ന കാര്യം സർക്കാറിെൻറ പരിഗണനക്കായി സമർപ്പിക്കാൻ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്മെൻറിന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവ് നൽകിയിട്ട് ഒന്നര വർഷം പിന്നിടുന്നു. ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കുന്ന ഉത്തരവിെൻറ അടിസ്ഥാനത്തിൽ എടുത്ത നടപടിയെക്കുറിച്ച് രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് 2019 ജനുവരി ഒന്നിനാണ് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ആക്ടിലെ ഒമ്പത് സി വകുപ്പ് പ്രകാരം കമീഷൻ നിർദേശിച്ചത്. 88 ശതമാനം ന്യൂനപക്ഷങ്ങൾ വസിക്കുന്ന ഈരാറ്റുപേട്ടയിലെ സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹരജിയിലായിരുന്നു കമീഷൻ ഉത്തരവ്. 75 ശതമാനം മുസ്ലിംകൾ വസിക്കുന്ന ഈരാറ്റുപേട്ടയിൽ അധിക പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. ഈ മേഖലയിലെ ജനങ്ങളുടെ ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് താലൂക്ക് ആശുപത്രി വേണമെന്ന ആവശ്യം കമീഷൻ പരിഗണിച്ചു.
ഒരു താലൂക്കിൽ ഒന്നിൽ കൂടുതൽ താലൂക്ക് ആശുപത്രി പാടില്ല എന്ന വാദം തെളിവുകളുടെ അടിസ്ഥാനത്തിൽ തെറ്റാണെന്നും അന്ന് കമീഷൻ കണ്ടെത്തി ആരോഗ്യവകുപ്പിനു റിപ്പോർട്ട് നൽകി. താലൂക്ക് ആശുപത്രിയായി ഉയർത്താൻ ആവശ്യമായ ഭൂമിയും അടിസ്ഥാന സൗകര്യവും ഈരാറ്റുപേട്ട ആശുപത്രിക്കുണ്ടെന്ന കാര്യം കമീഷന് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.
പാലാ ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തിയപ്പോൾ താലൂക്കിലെ രണ്ടാമത്തെ പട്ടണവും ജനസാന്ദ്രതകൊണ്ട് മുന്നിൽ നിൽക്കുന്ന നഗരവുമായ ഈരാറ്റുപേട്ടയിൽ താലൂക്ക് ആശുപത്രി വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഈ ആവശ്യം പരിഗണിക്കാതെ താലൂക്കിലെ മറ്റൊരിടത്ത് താലൂക്ക് ആശുപത്രി അനുവദിക്കുകയായിരുന്നു. ഒരു താലൂക്കിൽ ഒന്നിലധികം ആശുപത്രികൾ പാടില്ല എന്ന ന്യായം പറഞ്ഞ് ഈരാറ്റുപേട്ടയോടുള്ള അവഗണന തുടരുന്നതിനിടയിലാണ് 182 പേർ ഒപ്പിട്ട ഹരജി ന്യൂനപക്ഷ കമീഷന് സമർപ്പിച്ചത്.
രണ്ട് ഹൈവേകളുടെ സംഗമസ്ഥാനവും ശബരിമലക്കുള്ള പ്രധാന പാതയും മലയോര മേഖലയുടെ പ്രവേശന കവാടവുമാണ് ഈരാറ്റുപേട്ട. ഏഴര ച.കി.മീറ്ററിൽ 40,000 പ്രദേശവാസികളും അതിലേറെ ഇതര സംസ്ഥാനക്കാരും വസിക്കുന്ന പ്രദേശമാണ്. ഇവിടെ വേണ്ടത്ര ചികിത്സ സൗകര്യമില്ലെന്ന് കാണിച്ച് വിവിധ സംഘടനകൾ ഉയർത്തുന്ന പ്രതിഷേധം അധികൃതർ കണ്ടില്ലെന്ന് നടിക്കുമ്പോഴാണ് സംസ്ഥാന ന്യൂനപക്ഷ കമീഷനിൽ നിക്ഷിപ്തമായ അധികാരം ഉപയാഗിച്ചുകൊണ്ടുള്ള പ്രത്യേകാനുമതി കൂടി വന്നത്. ഈ ഉത്തരവും മൂടിവെക്കാനുള്ള ശ്രമമാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പ്രദേശത്തെ വികസനത്തിനുവേണ്ടി പൊതുജനം തെരുവിൽ മുറവിളി കൂട്ടേണ്ട അവസ്ഥയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.