ഇൻഡിഗോ തന്നോട് ക്ഷമ ചോദിച്ചെന്ന് ഇ.പി. ജയരാജൻ; അബദ്ധം പറ്റിപ്പോയെന്ന് പറഞ്ഞു

കണ്ണൂര്‍: തനിക്കെതിരെ വിമാന യാത്രവിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ ഇൻഡിഗോ കമ്പനി പ്രതിനിധി ക്ഷമാപണം നടത്തിയതായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സംഭവം നടന്ന് അടുത്ത ദിവസം മുംബൈയിൽനിന്ന് ഇൻഡിഗോയുടെ റീജനൽ മാനേജർ വിളിച്ച് തെറ്റുപറ്റിയതായും ക്ഷമിക്കണമെന്നും പറഞ്ഞിരുന്നു. രേഖാമൂലം എഴുതിനൽകിയാൽ താൻ മറുപടി പറയാമെന്നാണ് അന്ന് പറഞ്ഞത്. ക്ഷമാപണം എഴുതിത്തരാത്തതുകൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തത്. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാൽ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ.പി. ജയരാജൻ കണ്ണൂരില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഒന്നരമാസം മുമ്പ് ഇൻഡിഗോ ഇ.പി. ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ കമ്പനിയെ ബഹിഷ്കരിച്ചും രൂക്ഷവിമർശനമുന്നയിച്ചും ഇ.പി മുന്നോട്ടുവന്നിരുന്നു. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇൻഡിഗോയിൽ താനും തന്റെ കുടുംബവും ഇനിമുതൽ യാത്ര ചെയ്യില്ലെന്നായിരുന്നു ദൃഢപ്രതിജ്ഞയെടുത്തത്.

ജെൻഡർ യൂനിഫോം വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരിയായതിനാലാണ് സർക്കാർ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയോടും കാന്തപുരം സുന്നി വിഭാഗത്തോടും വിരോധം ഇല്ലാത്തതിനാലാണ് അഭിപ്രായങ്ങൾ മാനിക്കുന്നത്. നിയമസഭ കൈയാങ്കളി കേസിൽ പ്രതിയായതിനാൽ ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭ കൈയാങ്കളിക്കേസിലെ വിചാരണ അവസാനിപ്പിക്കണമെന്ന ആവശ്യം ഹൈകോടതി തള്ളിയത് സർക്കാറിന് തിരിച്ചടിയല്ലെന്ന് ജയരാജൻ പറഞ്ഞു. ഞങ്ങളുടെ നിലപാട് കോടതിക്ക് മുമ്പിൽ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. അന്ന് നടന്ന സംഭവങ്ങളിൽ ദു:ഖമില്ല. അത്രയും വൃത്തികെട്ട നിലപാടാണ് അന്ന് യു.ഡി.എഫ് സ്വീകരിച്ചത്.

ഞങ്ങളുടെ വനിത എം.എൽ.എമാരെ കൺമുന്നിലിട്ട് കൈയേറ്റം ചെയ്യുമ്പോൾ, ശിവൻകുട്ടിയെ തല്ലി ബോധംകെടുത്തിയപ്പോൾ ഞങ്ങൾ ഇങ്ങനെ കാഴ്ചക്കാരായി നിൽക്കണോ. അന്നത്തെ പ്രതിപക്ഷമായിരുന്ന ഞങ്ങൾ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഞങ്ങളുടെ സഖാക്കളെ രക്ഷിക്കാനാണത് -ഇ.പി. ജയരാജൻ പറഞ്ഞു.  

Tags:    
News Summary - EP Jayarajan said that Indigo apologized to him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.