ബന്ധു നിയമന വിവാദം: ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലൻസ്​​ കേസ്

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഒന്നാം പ്രതി. ജയരാജനു പുറമെ  പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍,  വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി എന്നിവരെയും പ്രതികളാക്കി അന്വേഷണ സംഘം വിജിലന്‍സ് പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. അഴിമതി നിരോധന നിയമത്തിലെ 13(1) (ഡി) ,13(2) എന്നിവക്കുപുറമെ ഗൂഢാലോചനക്കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ത്വരിതാന്വേഷണത്തിനൊടുവില്‍ വിജിലന്‍സ് ഡിവൈ.എസ്.പി വി. ശ്യാംകുമാറാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.  

ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചതാണ് വലിയ രാഷ്ട്രീയ വിവാദമായി മാറിയതും വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍െറ രാജിയില്‍ കലാശിച്ചതും. നിയമനത്തിനായി സുധീര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. അതുമാത്രമല്ല, എം.ഡി നിയമനത്തിന് നിഷ്കര്‍ഷിച്ചിരുന്ന യോഗ്യതയും ഉണ്ടായിരുന്നില്ല. എന്നിട്ടും ജയരാജന്‍ സ്വന്തം കൈപ്പടയില്‍ ഫയലില്‍ രേഖപ്പെടുത്തിയ നിര്‍ദേശപ്രകാരം സുധീര്‍ നമ്പ്യാരെ നിയമിക്കുകയായിരുന്നെന്നാണ് വിജിലന്‍സ് കണ്ടത്തെിയത്. അതിനു പുറമെ, അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി അധ്യക്ഷനായ ‘റിയാബ് ’ തയാറാക്കിയ പട്ടിക അട്ടിമറിച്ചായിരുന്നു നിയമനമെന്നും കണ്ടത്തെിയിട്ടുണ്ട്. ജയരാജന്‍െറ ഭാര്യാ സഹോദരിയാണ് ശ്രീമതി.

പൊതുമേഖല സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍മാരുടെ നിയമനത്തിനായി 2006ല്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇ.പി. ജയരാജന്‍ മന്ത്രിയായി ചുമതല എറ്റെടുത്ത ശേഷം ജൂണ്‍ 27ന് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് എം.ഡി സ്ഥാനത്തേക്കുള്‍പ്പെടെ, നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിയാബ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം എന്‍ജിനീയറിങ് ബിരുദമോ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കേ അപേക്ഷിക്കാനാവൂ. 15 വര്‍ഷത്തെ പ്രവൃത്തി പരിചയത്തില്‍ അഞ്ചുവര്‍ഷം ഉയര്‍ന്ന തലത്തിലുമാവണം. അപേക്ഷകരില്‍നിന്ന് ചുരുക്കപ്പട്ടിക തയാറാക്കി, അഭിമുഖം നടത്തിയ ‘റിയാബ്’ സമിതി മനീഷ് പ്രതാപ് സിങ്, ജ്യോതികുമാര്‍. ബി എന്നിവരുടെ പേരുകളാണ് ശിപാര്‍ശ ചെയ്തത്. ഈ നടപടി ക്രമം പൂര്‍ത്തിയാക്കുന്നതിനായി റിയാബിന് 14.35 ലക്ഷം രൂപ ചെലവാകുകയും ചെയ്തു.

ഈ ശിപാര്‍ശ നിലനില്‍ക്കെ സെപ്റ്റംബര്‍ 30ന്  ജയരാജന്‍ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിക്കാന്‍ സ്വന്തം കൈപ്പടയില്‍ എഴുതിനിര്‍ദേശിച്ചു. നിയമനത്തിനായി തയാറാക്കിയ പട്ടിക മറികടന്നും വിജിലന്‍സിന്‍െറ അഭിപ്രായം തേടാതെയുമാണ്  ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതെന്നും വിജിലന്‍സ് കണ്ടത്തെി. നിയമന സമിതിയായ റിയാബ് ശിപാര്‍ശ ചെയ്ത പട്ടിക അവഗണിക്കുന്നതിന് ജയരാജന്‍ മതിയായ കാരണം രേഖപ്പെടുത്തിയില്ളെന്നും എഫ്.ഐ.ആറില്‍ പറയുന്നു. മന്ത്രിയെന്ന ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സുധീര്‍ നമ്പ്യാരും പോള്‍ ആന്‍റണിയുമായി ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എഫ്.ഐ.ആര്‍ ശനിയാഴ്ച വിജിലന്‍സ് പ്രത്യേക കോടതി പരിഗണിക്കും. 

Tags:    
News Summary - ep jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.