ബന്ധുനിയമന വിവാദം: അന്വേഷണം വ്യവസായ വകുപ്പിലെ ഉന്നതരിലേക്കും

കോട്ടയം: ഇ.പി. ജയരാജനെതിരെയുള്ള ബന്ധുനിയമന വിവാദത്തിന്‍െറ അന്വേഷണം വ്യവസായ വകുപ്പിലെ ഉന്നതരിലേക്കുകൂടി നടത്താന്‍ വിജിലന്‍സ് തീരുമാനം.
വ്യവസായ വകുപ്പ് സെക്രട്ടറി-അഡീഷനല്‍ സെക്രട്ടറിമാര്‍-മന്ത്രിയായിരിക്കെ ജയരാജന്‍െറ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ള പഴ്സനല്‍ സ്റ്റാഫിലെ പ്രമുഖര്‍-നിയമനം ലഭിച്ചവര്‍, നിയമന ഉത്തരവ് ഇറക്കിയവര്‍ എന്നിവരെയെല്ലാം വിളിച്ചുവരുത്തി വിശദമായി മൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. പരാതിക്കാരില്‍നിന്ന് തിങ്കളാഴ്ചയും അടുത്ത ദിവസങ്ങളിലുമായി മൊഴിയെടുക്കും. അന്വേഷണം 42 ദിവസത്തിനകം പൂര്‍ത്തിയാക്കാനും ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലഭ്യമായ വിവിരങ്ങള്‍ അതത് ദിവസംതന്നെ ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്യണമെന്ന വ്യക്തമായ മാര്‍ഗനിര്‍ദേശവും ഡയറക്ടര്‍ കൈമറിയിട്ടുണ്ട്. ആക്ഷേപങ്ങള്‍ ഒഴിവാക്കാനാണിത്.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ വ്യവസായ വകുപ്പ് സെക്രട്ടറിയില്‍നിന്ന് ആവശ്യമായ രേഖകള്‍ ലഭിക്കേണ്ടതിനാല്‍ നിയമപരമായ മാര്‍ഗത്തിലൂടെയേ അന്വേഷണവുമായി മുന്നോട്ട് പോകാവൂവെന്നാണ് കര്‍ശന നിര്‍ദേശം. ഫയലുകള്‍ പിടിച്ചെടുത്തുവെന്ന ആക്ഷേപവും വ്യക്തിപരമായി അവഹേളിച്ചുവെന്ന പരാതിയും ഇല്ലാതാക്കാനാണ് ഇത്തരം നടപടികളെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം, വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് തള്ളിയാണ് പലനിയമനങ്ങള്‍ക്കും മന്ത്രിയായിരിക്കെ ജയരാജന്‍ ഉത്തരവ് ഇറക്കിയതെന്നാണ് പ്രാഥമിക കണ്ടത്തെല്‍.

അതിനിടെ വിജിലന്‍സിന്‍െറ പരിഗണനയിലുള്ള സുപ്രധാന കേസുകളുടെയെല്ലാം അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും വിജിലന്‍സ് തീരുമാനിച്ചു. പ്രത്യേകിച്ച് മുന്‍ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന കേസുകളുടെ കാര്യത്തില്‍. കെ.എം. മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസടക്കം നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്ന എല്ലാ കേസുകളുടെയും അന്വേഷണം വേഗത്തിലാക്കും. അന്വേഷണം വൈകുന്നത് തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ വരെ വഴിയൊരുങ്ങുമെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മാണിക്കെതിരെയുള്ള അന്വേഷണം വൈകുന്നതിനെതിരെ പലതലങ്ങളിലുള്ള ആക്ഷേപവും വിജിലന്‍സിനെതിരെ ഉയരുന്നുമുണ്ട്.

Tags:    
News Summary - ep jayarajan,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.