പരിസ്ഥിതിലോല മേഖലയിൽ സുപ്രീംകോടതി; പ്രായോഗികമാകണം

ന്യൂഡല്‍ഹി: രാജ്യത്തെ സംരക്ഷിത വനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല (ഇ.എസ്.സെഡ്) നിര്‍ബന്ധമാക്കുന്നതില്‍ ഓരോ സ്ഥലത്തെയും അടിസ്ഥാന യാഥാർഥ്യങ്ങൾകൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. പരിസ്ഥിതിലോല മേഖല നിര്‍ബന്ധമാക്കിയ കോടതിവിധിയിൽ ഇളവ് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഒാരോ സ്ഥലത്തെയും യാഥാർഥ്യംകൂടി പരിഗണിക്കേണ്ടതുണ്ടെന്ന് വാക്കാൽ പരാമർശം നടത്തിയത്.

വെറുതെ ഉത്തരവ് ഇറക്കിയിട്ട് കാര്യമില്ല. ചില അടിസ്ഥാന യാഥാർഥ്യങ്ങൾകൂടി പരിഗണിക്കേണ്ടതുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നതിൽ ഒരു തര്‍ക്കവുമില്ല. എന്നാൽ, എല്ലാ വികസനപ്രവര്‍ത്തനങ്ങളും പൂര്‍ണമായി നിര്‍ത്തി വെക്കാനുമാകില്ല. ചില സ്ഥലങ്ങളില്‍ നഗരപ്രദേശങ്ങളോട് ചേര്‍ന്ന് പ്രഖ്യാപിത വനമേഖലകൾ ഉണ്ട്. വര്‍ഷങ്ങളായി അവിടെ പലതരം നാഗരികപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതുമാണ്.

അത്തരം സ്ഥലങ്ങളില്‍ ഒരു കിലോമീറ്റര്‍ പരിധി നിര്‍ബന്ധമാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജയ്പുര്‍ നഗരത്തിനും വിമാനത്താവളത്തിനും ഇടക്ക് സംരക്ഷിത വനഭൂമിയുണ്ട്. അവിടെ ഒന്നുകില്‍ നിലവിലെ റോഡ് മുഴുവന്‍ നശിപ്പിക്കുകയോ വനത്തിനുള്ളിലൂടെ വഴി തിരിച്ചു വിടുകയോ വേണ്ടിവരും. അതോടെ നഗരം യാത്രസൗകര്യമില്ലാതെ ഒറ്റപ്പെട്ടു പോകുമെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് നിരീക്ഷിച്ചു.

നിര്‍ബന്ധിത പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഒഴിവാക്കേണ്ട ചില പ്രദേശങ്ങള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിഷയം പഠിക്കാനായി നിയോഗിച്ചിട്ടുള്ള അമിക്കസ് ക്യൂറി കെ. പരമേശ്വറുമായി ഇക്കാര്യം ചര്‍ച്ചചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. സംരക്ഷിത വനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്ന് കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.

ഈ മേഖലയില്‍ ഒരു തരത്തിലുള്ള വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയില്ല. നിലവില്‍ ഈ മേഖലയില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാന്‍ കഴിയൂ എന്നും പുതിയതായി ഒരു നിര്‍മാണ പ്രവര്‍ത്തനത്തിനും അനുമതി നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു.

മുംൈബക്കടുത്തുള്ള തുംഗരേശ്വര്‍ വന്യജീവി സങ്കേതത്തോടുചേര്‍ന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമല്ലെന്ന് ബുധനാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്ക്, മുംബൈയിലെ ക്രീക് ഫ്ലമിംഗോ വന്യമൃഗ സംരക്ഷണകേന്ദ്രം എന്നിവയെയും ഒരു കിലോമീറ്റര്‍ നിര്‍ബന്ധിത പരിധിയില്‍നിന്ന് കോടതി നേരത്തേ ഒഴിവാക്കി.

Tags:    
News Summary - Environmentally sensitive area; Be practical- Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.