കോഴിക്കോട്: മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുതിയ നിയമനം താൽക്കാലികമായി നിർത്തലാക്കി. കേന്ദ്ര സർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കി പകരം വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ -ഗ്രാമീൺ (വി.ബി-ജി റാംജി) ആയി മാറുന്നതിനാലാണ് പുതിയ നിയമനം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. നിലവിലെ കരാർ ജീവനക്കാരുടെ ഒഴിവിൽ ഉടൻ പുതിയ നിയമനം നടത്തേണ്ടതില്ലെന്ന് സംസ്ഥാന തൊഴിലുറപ്പ് മിഷൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
തൊഴിലുറപ്പ് പദ്ധതിയിൽ ഓരോ വർഷത്തെയും ചെലവിന്റെ അടിസ്ഥാനത്തിലാണ് കരാർ ജീവനക്കാരുടെ എണ്ണം തീരുമാനിച്ചിരുന്നത്. അതിനാൽ ഓരോ വർഷവും കരാർ ജീവനക്കാരുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ ഒരു ഗ്രാമപഞ്ചായത്തിൽ അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർമാർ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് എന്നിവരുൾപ്പെടെ ഏഴു പേർ വീതവും ബ്ലോക്ക് പഞ്ചായത്തിൽ മൂന്നു പേർ വീതവും ജില്ല മിഷനിൽ മൂന്നു പേർ വീതവും ജീവനക്കാർ ഉണ്ട്. സംസ്ഥാന മിഷനിലും നിരവധി കരാർ ജീവനക്കാരുണ്ട്.
ഒരു പദ്ധതിയിൽ ചെലവഴിക്കുന്ന ഫണ്ടിന്റെ വർധനവനുസരിച്ച് ജീവനക്കാരുടെ എണ്ണം നിശ്ചയിക്കുന്ന അശാസ്ത്രീയ സമീപനം തൊഴിലുറപ്പ് പദ്ധതിയിലുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ ജീവനക്കാരായി തിരുകിക്കയറ്റുന്നതിന് കൂടുതൽ പണം ചെലവഴിക്കുക എന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. ഇതിന് സംസ്ഥാന തൊഴിലുറപ്പ് മിഷനും കൂട്ടുനിൽക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. 7120ഓളം ജീവനക്കാരുള്ള സംവിധാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ നിയമനം ലഭിച്ച ഒരു ജീവനക്കാരൻ പോലുമില്ല എന്ന ആക്ഷേപം നിലനിൽക്കെയാണ് പുതിയ നിയന്ത്രണം.
പുതിയ തൊഴിൽ സാഹചര്യത്തിലും കൂടുതൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ചും പദ്ധതി പണത്തിന്റെ ദുരുപയോഗം നിയന്ത്രിച്ച് വാർഷിക ചെലവ് കുറച്ച് നിലവിലെ കരാർ ജീവനക്കാരുടെ എണ്ണം കുറക്കാനാണ് നീക്കം. പുതിയ പദ്ധതിയിൽ കർശന നിബന്ധനകൾ ഉള്ളതിനാൽ പ്രവൃത്തികൾ പഴയതുപോലെ നടക്കാനുള്ള സാധ്യത കുറവാണ്. പദ്ധതി തുകയുടെ 60 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമായി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.