തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ പരിഗണിക്കേണ്ട നിർദേശങ്ങളും സാധ്യതകളും ചൂണ്ടിക്കാട്ടിയുള്ള റെഗുലേറ്ററി കമീഷൻ ചർച്ചാരേഖ ചൂടേറിയ ചർച്ചക്ക് വഴിതുറക്കുന്നു. സംസ്ഥാന സർക്കാർ ഇനിയും നിലപാട് വ്യക്തമാക്കാത്ത ആണവ നിലയങ്ങളുടെ ആവശ്യകതയടക്കം ചൂണ്ടിക്കാട്ടുന്നതാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുനരുപയോഗ ഊർജ റെഗുലേഷൻ സംബന്ധിച്ച ചർച്ചാരേഖ. കേരളത്തിലെ പുനരുപയോഗ വൈദ്യുതി ഉൽപാദനത്തിലെ സാധ്യതകൾ വിവരിക്കുന്നതോടൊപ്പം ഇത് അഞ്ച് വർഷംകൊണ്ട് ഇരട്ടിയാക്കാൻ സ്വീകരിക്കേണ്ട നിർദേശങ്ങളും രേഖ മുന്നോട്ടുവെക്കുന്നു.
ചെറുകിട ആണവ വൈദ്യുതോൽപാദന കേന്ദ്രങ്ങൾക്ക് സംസ്ഥാനത്തെ ഊർജ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിൽ വലിയ പങ്കുവഹിക്കാനുണ്ടെന്നാണ് ചർച്ചാരേഖയിൽ പറയുന്നത്. കെ.എസ്.ഇ.ബി ആണവനിലയ സാധ്യതകൾ പരിശോധിക്കുന്ന ഘട്ടത്തിലാണ് ഇതിന് പിന്തുണ നൽകുന്ന വിധമുള്ള റിപ്പോർട്ട് റെഗുലേറ്ററി കമീഷനും പ്രസിദ്ധപ്പെടുത്തിയത്. ‘സ്മാൾ മോഡുലാർ ന്യൂക്ലിയർ പവർ പ്ലാന്റ്’ സാധ്യതകൾ പരിശോധിക്കണമെന്നാണ് നിർദേശം.
കേരളത്തിനുള്ളിൽ ആണവ പദ്ധതികൾക്കെതിരെ എതിർപ്പുയരാൻ സാധ്യതയുള്ളതിനാൽ ഇതരസംസ്ഥാനങ്ങളിൽ എവിടെയെങ്കിലും പ്ലാന്റ് സ്ഥാപിച്ച് ആവശ്യമുള്ള വൈദ്യുതി എത്തിക്കാനുള്ള സാധ്യതകളടക്കം ഊർജവകുപ്പ് പരിശോധിച്ചുവരികയാണ്. ഇതിനിടെയാണ് ആണവനിലയ സാധ്യത എടുത്തുപറഞ്ഞ് റെഗുലേറ്ററി കമീഷൻ ചർച്ചാരേഖ പ്രസിദ്ധപ്പെടുത്തിയത്.
നഗരസഭകൾ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കണമെന്നതാണ് മറ്റൊരു നിർദേശം. വൈദ്യുതോൽപാദന മേഖലയിൽ മറ്റ് സംസ്ഥാനങ്ങളുമായുള്ള സഹകരണം, ഐ.ഐ.ടികൾ ഉൾപ്പെട ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളുമായുള്ള കെ.എസ്.ഇ.ബി പങ്കാളിത്തം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
ചർച്ചാരേഖയുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഫെബ്രുവരി 15 വരെയാണ് സ്വീകരിക്കുക. ‘പുനരുപയോഗ ഊർജവും നെറ്റ് മീറ്ററിങ്ങും’ സംബന്ധിച്ച് 2025-26 സാമ്പത്തികവർഷം മുതൽ പ്രാബല്യത്തിൽ വരേണ്ട ചട്ടങ്ങൾ രൂപവത്കരിക്കുന്നതിന് മുന്നോടിയായാണ് ചർച്ചാരേഖ പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം: സ്വകാര്യ ജല വൈദ്യുതി പദ്ധതികൾ താരിഫ് അധിഷ്ഠിത ബിഡിങ് രീതിയിൽ അനുവദിക്കുകയും വേനൽകാലത്തെ വൈദ്യുതിക്ക് മുൻകൂട്ടി നിശ്ചയിച്ച പ്രീമിയം താരിഫ് അനുവദിക്കുകയും ചെയ്യണമെന്ന് ചർച്ചാരേഖ നിർദേശിക്കുന്നു. നിലവിലെ ജലസംഭരണികൾ ഉപയോഗിച്ച് ഇന്റർ സീസണൽ സ്റ്റോറേജ് ലഭ്യമാക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. ഇവിടെ വേനൽകാല വൈദ്യുതോൽപാദനത്തിന് ഉയർന്ന നിരക്ക് അനുവദിക്കാമെന്ന് പുതിയ ചട്ടങ്ങളിൽ പരിഗണിക്കാവുന്ന നിർദേശങ്ങളുടെ കൂട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.