തിരുവനന്തപുരം: കാലവർഷം ദുർബലമായെങ്കിലും ജലസംഭരണികളിലേക്ക് കൂടുതൽ ജലം ഒഴുകിയെത്തുന്നതുമൂലം വൈദ്യുതി ഉൽപാദനം ഉയർന്ന തോതിലേക്ക്. 20-25 ദശലക്ഷം യൂനിറ്റിൽ സാധാരണ പരിമിതപ്പെടുത്താറുള്ള ജല വൈദ്യുതി പദ്ധതികളിൽ നിന്നുള്ള വൈദ്യുതോൽപാദനം ഇപ്പോൾ 45 ദശലക്ഷം യൂനിറ്റ് വരെയായി വർധിപ്പിക്കുന്നുണ്ട്. ശനിയാഴ്ച ജലവൈദ്യുതോൽപാദനം 44.3591 ദശലക്ഷം യൂനിറ്റായിരുന്നു. ആകെ പ്രതിദിന ഉപയോഗം 81 ദശലക്ഷം യൂനിറ്റായി കുറഞ്ഞതോടെ, പുറത്തുനിന്നും 34.3539 ദശലക്ഷം യൂനിറ്റ് മാത്രമാണ് വാങ്ങേണ്ടിവന്നത്. വെള്ളിയാഴ്ചയും ജലവൈദ്യുതി പദ്ധതികളിലെ ഉൽപാദനം 41 ദശലക്ഷം യൂനിറ്റിന് മുകളിലായിരുന്നു. 36.22 ദശലക്ഷം യൂനിറ്റാണ് അന്ന് പുറത്തുനിന്ന് വാങ്ങിയത്.
നിലവിൽ 47 ശതമാനം വെള്ളമുള്ള ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ ഉൽപാദനം 16.529 ദശലക്ഷം യൂനിറ്റായിരുന്നു. മറ്റ് ജലസംഭരണികളിലും നീരൊഴുക്ക് പരിശോധിച്ച് വൈദ്യുതോൽപാദനം ക്രമീകരിക്കുന്നുണ്ട്. വാങ്ങിയ വൈദ്യുതിയെക്കാൾ കൂടുതൽ അഭ്യന്തരമായി ഉൽപാദിപ്പിച്ച വൈദ്യുതി വിതരണം ചെയ്യാനാവുന്ന ദിവസങ്ങൾ കാലവർഷക്കാലത്ത് മാത്രമാണ് സംഭവിക്കാറുള്ളത്. ഇതര സംസ്ഥാനങ്ങളിലെ വിതരണക്കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് കുറക്കാനായതോടെ, ജൂൺ ആരംഭം മുതൽ ഇതിനായുള്ള പണച്ചെലവിൽ വലിയ കുറവ് കെ.എസ്.ഇ.ബിക്കുണ്ടായി. മഴ ആരംഭിച്ചശേഷം പ്രതിദിന വൈദ്യുതി ഉപയോഗത്തിലും ഗണ്യമായ കുറവുണ്ട്. ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന ഉപയോഗം 89.6132 ദശലക്ഷം യൂനിറ്റാണ്. ഉയർന്ന വിലക്ക് കേരളത്തിന് പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത സർച്ചാർജായി ഉപഭോക്താക്കളിലെത്താറാണ് പതിവ്.
കഴിഞ്ഞ വർഷം ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ വിലകൂടിയ വൈദ്യുതി വാങ്ങേണ്ടിവന്നിരുന്നു. കഴിഞ്ഞ വർഷം ജൂൺ മൂന്നാംവാരം ഇടുക്കിയിലെ സംഭരണശേഷി 29 ശതമാനമായിരുന്നു. ജല വൈദ്യുതി പദ്ധതികളിൽ നിന്നുള്ള ആകെ ഉൽപാദനം 25 ദശലക്ഷം യൂനിറ്റിൽ താഴെയും. ഇക്കുറി മഴയുടെ സാന്നിധ്യം മേയ് അവസാനവും ജൂണിന്റെ തുടക്കത്തിലും വൈദ്യുതി ആവശ്യകതയിൽ വലിയ കുറവുണ്ടാക്കി. ചില ദിവസങ്ങളിൽ പ്രതിദിന ഉപയോഗം 68 ദശക്ഷം യൂനിറ്റ് വരെയായി താഴുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.