തിരുവനന്തപുരം: ഇടുക്കിയിലെ മൂലമറ്റം പവർ ഹൗസ് അറ്റകുറ്റപ്പണിക്കായി അടച്ചതോടെ സംസ്ഥാനത്തെ ആഭ്യന്തര ജലവൈദ്യുതോൽപാദനം 17 ദശലക്ഷം യൂനിറ്റിലേക്ക് (എം.യു) താഴ്ന്നു. നിലയം അടക്കുന്നതിന് മുമ്പുവരെ ഇത് 30 എം.യു ആയിരുന്നു. ജലവൈദ്യുതി നിലയങ്ങളടക്കം കഴിഞ്ഞ ദിവസത്തെ ആകെ ആഭ്യന്തര വൈദ്യുതോൽപാദനം 19.6629 എം.യു ആണ്.
ഇടുക്കി നിലയം അടച്ചതോടെ സംസ്ഥാനത്തെ ഉപയോഗത്തിനനുസരിച്ച് പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി ക്രമീകരണമൊരുക്കിയിട്ടുണ്ട്. 1096 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകളിൽ നേരത്തെ തന്നെ ഏർപ്പെട്ടിരുന്നു. ഇതിന് അടിയന്തര സ്വഭാവത്തിൽ റെഗുലേറ്ററി കമീഷനും അനുമതി നൽകി. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുന്നതുകൊണ്ട് ചൂട് കുറഞ്ഞതിനാൽ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ട്. ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗം 85-90 ദശലക്ഷം യൂനിറ്റാണ്.
കഴിഞ്ഞ ദിവസത്തെ ഉപയോഗം 85.4453 ദശലക്ഷം യൂനിറ്റായിരുന്നു. ഇതിൽ 65.7824 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് വാങ്ങി. ഇടുക്കി നിലയം അടക്കുന്നതിന് മുമ്പുള്ള ദിവസം വാങ്ങിയ വൈദ്യുതി 54.5797 ദശലക്ഷം യൂനിറ്റായിരുന്നു. ഇടുക്കിയിൽ ഉൽപാദനം ഒരു മാസത്തേക്ക് നിർത്തിവെച്ച സാഹചര്യത്തിൽ ശബരിഗിരി, ഇടമലയാർ, ഷോളയാർ, പള്ളിവാസൽ, ലോവർ പെരിയാർ തുടങ്ങിയ ജലവൈദ്യുത പദ്ധതികളുടെ ഉൽപാദനത്തിലും ക്രമീകരണം വരുത്തിയിട്ടുണ്ട്. മിക്കയിടത്തും ഉൽപാദനം കൂട്ടി. നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡ്ഡിങ്ങില്ലാതെ മുന്നോട്ടുപോകാനുള്ള സാഹചര്യമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.