തൊടുപുഴ: മീനച്ചൂടിൽ നാട് വെന്തുരുകുേമ്പാൾ വൈദ്യുതി ഉപഭോഗം കുത്തനെ കുതിക്കുന്നു. വേനൽ മഴയിലൂടെ അണക്കെട്ടുകളിൽ കൂടുതൽ വെള്ളമെത്തിയെങ്കിലും വൈദ്യുതി ഉൽപാദനം ഗണ്യമായി ഉയർത്തിയതിനാൽ ജലനിരപ്പ് അതിവേഗം താഴുകയാണ്. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും വ്യാഴാഴ്ച കനത്ത ചൂടാണ് അനുഭവപ്പെട്ടത്.
മാർച്ച് 11ലെ കണക്കനുസരിച്ച് ഇടുക്കിയിൽ വൈദ്യുതി ഉൽപാദനം 3.90 ദശലക്ഷം യൂനിറ്റായിരുന്നു. ചൂട് കൂടിയതോടെ ഉൽപാദനം ഗണ്യമായി വർധിപ്പിച്ചു. ബുധനാഴ്ച 7.514 ദശലക്ഷം യൂനിറ്റായിരുന്നു ഉൽപാദനം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മാർച്ച് 11ന് 68.19 ദലക്ഷം യൂനിറ്റായിരുന്നു. ബുധനാഴ്ച ഇത് 75.81 ദശലക്ഷം യൂനിറ്റായി ഉയർന്നു. ഇതിൽ 54.57 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് വാങ്ങി. 21.23 ദശലക്ഷം യൂനിറ്റ് സംസ്ഥാനത്ത് ഉൽപാദിപ്പിച്ചു. പകലും രാത്രിയും താപനില ഒന്നുപോലെ കൂടിയതാണ് വൈദ്യുതി ഉപഭോഗം കൂടാൻ കാരണം. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2324.54 അടിയാണ്. സംഭരണശേഷിയുടെ 26 ശതമാനം. കഴിഞ്ഞ വർഷം ഇതേസമയം 2337.52 അടിയായിരുന്നു. രണ്ടാഴ്ചക്കിടെ ജലനിരപ്പ് മൂന്നരയടിയിലധികം താഴ്ന്നു.
കാര്യമായി വേനൽ മഴ ലഭിച്ചതാണ് വൈദ്യുതി ഉൽപാദനം കൂട്ടിയിട്ടും 26 ശതമാനമെങ്കിലും വെള്ളം ഡാമിലുണ്ടാകാൻ കാരണമെന്നാണ് വൈദ്യുതി ബോർഡ് അധികൃതർ പറയുന്നത്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും കൂടി സംഭരണശേഷിയുടെ 31 ശതമാനം വെള്ളമാണുള്ളത്.മാർച്ച് ഒന്ന് മുതൽ 29വരെ കാലയളവിൽ ഇടുക്കിയിൽ 122.2 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ഇൗ സമയത്ത് 39 മില്ലിമീറ്റർ മഴയാണ് ലഭിക്കാറുണ്ടായിരുന്നത്. എന്നാൽ, ഏതാനും ദിവസങ്ങളായി ജില്ലയിൽ ചൂട് കൂടുകയാണ്.
മൂന്നാറിൽപോലും പകൽ താപനില ഗണ്യമായി ഉയർന്നു. വ്യാഴാഴ്ച ജില്ലയിലെ ഉടുമ്പന്നൂർ, അറക്കുളം, ഇലപ്പിള്ളി എന്നിവിടങ്ങളിൽ 38 ഡിഗ്രി ചൂട് രേഖപ്പെടുത്തി. കഞ്ഞിക്കുഴി 31, വാത്തിക്കുടി 33, ഉപ്പുതോട് 33, വെള്ളിയാമറ്റം 37, തങ്കമണി 33, അയ്യപ്പൻകോവിൽ 31, വാഗമൺ 33 എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ താപനില. രാത്രിയിലെ ഉയർന്ന താപനില ഒരാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ചൂട് കനത്തതോടെ പകർച്ചവ്യാധികളും പിടിമുറുക്കുകയാണ്. ബുധനാഴ്ച മാത്രം ജില്ലയിൽ മുന്നൂറോളം പേർ പകർപ്പനി ബാധിച്ച് ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.