വരുതിയിലാകാതെ വൈദ്യുതി

പേമാരിയും പ്രളയവും നാശം വിതക്കാറുള്ള നാടാണ്​ നമ്മുടേത്​. പക്ഷേ, വേനലിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നതും വൈദ്യുതിക്ഷാമത്തിൽ വിയർക്കുന്നതും കേരളീയരുടെ ശീലമായിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപ​യോഗത്തിൽ വൻവർധന രേഖപ്പെടുത്തുന്ന കാലമാണിത്. എയർകണ്ടീഷണറുകൾ വ്യാപകമായതടക്കം ചൂടകറ്റാൻ ജനം കൂടുതൽ വൈദ്യുതി ചെലവ​ഴിച്ചതാണ്​ ഉപയോഗം കൂടാനും പ്രതിസന്ധിക്കുമുള്ള കാരണമായി കെ.എസ്​.ഇ.ബി ചൂണ്ടിക്കാട്ടുന്നത്​. ഉയരുന്ന വൈദ്യുതി ഉപയോഗത്തിന്​ അനുസൃതമായി ഉൽപാദനം കൂട്ടാത്തത്​ വൈദ്യുതിമേഖലയിലും ജലം സംഭരിച്ച്​ വിതരണം ചെയ്യുന്നതിൽ ജല അ​തോറിറ്റിയുടെ പോരായ്മകൾ എല്ലാവർക്കും കുടിവെള്ളമെന്ന അവകാശം പലപ്പോഴും നിഷേധിക്കപ്പെടുന്ന സ്ഥിതിയും സൃഷ്ടിക്കുന്നു.

ഉയരുന്ന വൈദ്യുതി ഉ​പയോഗം​

സംസ്​ഥാനത്തെ വൈദ്യുതി ഉപഭോഗം അടുത്ത അഞ്ചു വർഷംകൊണ്ട്​ നിലവിലുള്ളതിനേക്കാൾ ഇരട്ടിയാവാനാണ്​ സാധ്യത. ഇക്കാര്യം മുന്നിൽകണ്ടുള്ള പദ്ധതികൾ കെ.എസ്​.ഇ.ബി തയാറാക്കുന്നുമില്ല. ഇതിനകം തുടങ്ങിയ പദ്ധതികൾ പലതും എങ്ങുമെത്തിയിട്ടുമില്ല. ആഭ്യന്തര വൈദ്യുത ഉൽപാദനം 30 ശതമാനത്തിൽ താഴെയായി ചുരുങ്ങി. പ്രതിദിന ഉപയോഗം നൂറു ദശലക്ഷം യൂനിറ്റ്​ കടന്ന ദിവസങ്ങളിൽ പുറത്തുനിന്നും കേരളം പ്രതിദിനം വാങ്ങിയത്​ 88 ദ​ശലക്ഷം യൂനിറ്റിലേറെ വൈദ്യുതിയാണ്​. ഇറക്കുമതി വൈദ്യുതി കൃത്യമായി കിട്ടിയില്ലെങ്കിൽ കേരളം ഇരുട്ടിലാവുമെന്ന്​ ചുരുക്കം.

​ ലൈറ്റിനും ഫാനിനും പുറ​മേ മിക്സി, ടെലിവിഷൻ, റഫ്രിജറേറ്റർ, അയൺ ​ബോക്​സ്​, വെള്ളം പമ്പ്​ ചെയ്യുന്നതിനുള്ള മോട്ടോർ എന്നിവയാക്കെയായിരുന്നു വീടുകളിൽ ആദ്യകാലത്ത്​ പ്രധാന വൈദ്യുതോപകരണങ്ങളെങ്കിൽ സ്ഥിതിമാറി. വാഷിങ്​ മെഷീൻ, ഇൻഡക്​ഷൻ കുക്കർ, വാട്ടർ ഹീറ്റർ, എയർകണ്ടീഷണർ തുടങ്ങിയവ വ്യാപകമായി. ‘സീറോ എമിഷൻ’ എന്ന സന്ദേശം സർക്കാറുകൾതന്നെ പ്രചരിപ്പിച്ചതോടെ ‘ഇ.വി’ അഥവാ വൈദ്യുതി ഇന്ധനമായ വാഹനങ്ങളും കൂടി.

ഉൽപാദനം താഴേക്ക്​

കേരളത്തിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കാഡിട്ട്​ 11 കോടി യൂനിറ്റ്​ (110.1039 ദശലക്ഷം യൂനിറ്റ്​) കടക്കുന്ന സാഹചര്യം ഉണ്ടായി. എന്നാൽ ഉൽപാദനത്തിന്‍റെ ഗ്രാഫ്​ ​താഴേക്കാണ്​. വിതരണ കമ്പനിയെന്നതിപ്പുറം വൈദ്യുതി ഉൽപാദകന്‍റെ ​​റോൾ നിർവഹിക്കാൻ കെ.എസ്​.ഇ.ബിക്ക്​ കഴിയുന്നില്ല. 2023ൽ സംസ്ഥാനത്ത് ഉപയോഗിച്ച വൈദ്യുതിയുടെ 78 ശതമാനവും പുറത്തുനിന്നും വാങ്ങിയതായിരുന്നു. വിതരണരംഗത്ത്​ സബ്​ സ്​റ്റേഷനുകൾ, ട്രാൻസ്​​ഫോർമറുകൾ സ്ഥാപിക്കൽ, ലൈനുകൾ മാറ്റി സ്​ഥാപിക്കൽ തുടങ്ങിയ ​പദ്ധതികൾ നടപ്പാക്കുന്നുമുണ്ട്​. എന്നാൽ, വിവിധ ജലവൈദ്യുത പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം, സൗരോർജ പദ്ധതികളുടെ വ്യാപനം എന്നിവയിൽ ഊർജിത ഇടപെടലില്ല. 60 മെഗാവാട്ടിന്‍റെ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം അടക്കം 777 മെഗാവാട്ടിൽ അധികം ഉൽപാദനം പ്രതീക്ഷിക്കുന്ന 126 ജലവൈദ്യുത പദ്ധതികൾ ഇനിയും യാഥാർഥ്യമാകാത്തത്​ എന്തുകൊണ്ടെന്ന ചോദ്യത്തിന്​ അധികൃതർക്ക്​ ഉത്തരമില്ല. വൈദ്യുതി ഉപയോഗം ​ഉയരു​മ്പോൾ വിതരണ ​ശൃംഖലയിലെ തകരാറുകൾ വ്യാപകമാണ്​. മലപ്പുറം ജില്ലയിലെ വൈദ്യുതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്​ സംസ്ഥന വൈദ്യുതി റഗുലേറ്ററി കമീഷൻ നടത്തിയ തെളിവെടുപ്പിൽ രൂക്ഷവിമർശനമാണ്​ കെ.എസ്​.ഇ.ബിക്ക്​ ​നേരിടേണ്ടിവന്നത്​.

ഇവിക്ക് അധികനിരക്ക്​ ​നൽകേണ്ടിവരുമോ

വൈദ്യുതി വാഹനങ്ങളെ​ (ഇവി) ​പ്രോത്സാഹിപ്പിക്കുന്ന നയമാണ്​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെങ്കിലും ഇവക്ക്​ ആവശ്യമായ വൈദ്യുതി മിതമായ നിരക്കിൽ ലഭിക്കുമോ എന്ന ആശങ്ക വാഹന ഉടമകൾക്കുണ്ട്​. ‘വൈദ്യുത വാഹന ചാർജിങ്​ രാത്രി 12ന്​​ ശേഷമോ പകൽ സമയത്തോ ക്രമീകരിക്കമെന്ന്​’ കെ.എസ്​.ഇ.ബി അറിയിപ്പ്​ നൽകിയത്​ ദിവസങ്ങൾക്ക്​ മുമ്പാണ്​. പീക്ക്​ സമയത്തെ വൈദ്യുതി ഉപയോഗം കുറക്കുന്നതിനായാണ്​ ഈ അഭ്യർഥനയെന്നാണ്​ വിശദീകരണം. വൈദ്യുതി വാഹനങ്ങളുടെ എണ്ണം വർധിക്കുകയാണ്. വാഹനങ്ങൾ രാത്രിസമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഗാർഹിക കണക്ഷനെടുത്തവർക്ക്​ ഭാവിയിൽ ഇ.വി ചാർജ്​ ചെയ്യാൻ അധിക നിരക്ക്​ നൽകേണ്ടിവരുമോ എന്ന ചോദ്യവും ഉയരുന്നു.

സോളാറിനോട്​ ഇഷ്ടക്കേട്​

സംസ്ഥാനം ഊർജപ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും സൗരോർജമടക്കം വൈദ്യുതോൽപാദന മേഖലകളോട് ​മുഖംതിരിക്കുന്ന സമീപനമാണ്​ കെ.എസ്​.ഇ.ബിയുടേത്​. വൈദ്യുതി ബിൽ കുറക്കാൻ ലക്ഷ്യമിട്ട്​ വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചവരെ ആശങ്കയിലാഴ്ത്തി പുതിയ ബിൽ സംവിധാനം കൊണ്ടുവരാനുള്ള ശ്രമം ഇതിനിടെ നടന്നു. റഗുലേറ്ററി കമീഷൻ നടത്തിയ തെളിവെടുപ്പിൽ സൗരോർജ വൈദ്യുത ഉൽപാദകർ പ്രതിഷേധവുമായി എത്തിയതോടെയാണ്​ ബിൽ രീതിയിൽ മാറ്റംവരുത്താൻ തീരുമാനിച്ചില്ലെന്ന്​ അധികൃതർ അറിയിച്ചത്​. എന്നാൽ, ഭാവിയിൽ നിലവിലെ മീറ്ററിങ്​ രീതിയിൽ മാറ്റംവന്നേക്കാം.

നിലവിലെ നെറ്റ്​ മീറ്ററിങ്​ സംവിധാനമവസാനിപ്പിച്ച്​ ഗ്രോസ്​ മീറ്ററിങ്​ കൊണ്ടുവരണമെന്ന്​ കെ.എസ്​.ഇ.ബിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നുണ്ട്​. ഗ്രോസ് മീറ്ററിങ് നടപ്പാക്കുന്നതോടെ, ഓൺഗ്രിഡ് സോളാർ പ്ലാൻറുകൾ സ്ഥാപിച്ചവർക്ക്​ വൈദ്യുതി ബില്ലിൽ ലഭിക്കുന്ന ഇളവുകൾ ഇല്ലാതാകും. നിലവിലെ മീറ്ററിങ്​ സംവിധാനത്തിലൂടെ പ്രതിമാസം 40 കോടിയോളം രൂപ നഷ്ടമുണ്ടാകുമെന്നാണ്​ കെ.എസ്​.ഇ.ബി വാദം.

ഉയർന്ന വിലക്ക്​ സർചാർജ് നൽകണം

വേനലിലെ റെക്കോഡ്​ വൈദ്യുതി ഉപഭോഗത്തെത്തുടർന്ന്​ അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്‍റെ ബാധ്യത​ വൈകാതെ സർചാർജായി ഉപഭോക്താക്കളിലേക്ക്​ എത്തിയേക്കും. ജൂണിൽ ഇതിനായി കെ.എസ്​.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിക്കുമെന്നാണ്​ സൂചന. ഉയർന്ന വിലക്ക്​ വൈദ്യുതി വാങ്ങുന്നതിന്‍റെ അധിക ബാധ്യത തിട്ടപ്പെടുത്തിയശേഷമായിരിക്കും ഇത്​. മിക്കദിവസങ്ങളിലും പ്രതിദിനം 15 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായി എന്നാണ്​ കെ​.എസ്​.ഇ.ബി വൃത്തങ്ങൾ നൽകുന്ന സൂചന. സർചാർജിനത്തിൽ യൂനിറ്റിന്​ 15-20 പൈസയുടെ വരെ വർധനവുണ്ടായേക്കാം.

ഊർജസംരക്ഷണ കാമ്പയിനുകൾ ഊർജിതം

സംസ്ഥാനത്തെ ഉയരുന്ന വൈദ്യുതി ഉ​പഭോഗം കുറക്കാൻ വിവിധ ബോധവത്​കരണ പരിപാടികൾ ഊർജ വകുപ്പ്​ നടത്തുന്നുണ്ട്​. ‘ഊർജകിരൺ സമ്മർ കാമ്പയിൻ’ ഉൾപ്പെടെ എനർജി മാനേജ്​മെൻറ്​ സെന്‍റർ വ്യത്യസ്​ത പ്രചാരണരീതികളാണ്​ ആവിഷ്ക​രിച്ചിട്ടുള്ളത്​. ​ടെറസുക​ളിലെ ചൂട്​ കുറക്കാനുള്ള ‘കൂൾ റൂഫ്​’ കാമ്പയിൻ, എ.സിയുടെ ഉപയോഗം കുറക്കാനുള്ള ‘എ.സി സെറ്റ്​@26’ കാമ്പയിൻ തുടങ്ങിയവയാണ്​ ഇതിൽ ​പ്രധാനം. ടെറസിൽ വൈറ്റ്​ സിമന്‍റ്​ മിശ്രിതം തേയ്ക്കുക, വെള്ള പെയിന്‍റ്​ പൂശുക തുടങ്ങിയ പ്രവർത്തനങ്ങളാണ്​ കൂൾ റൂഫിലൂടെ ലക്ഷ്യമിടുന്നത്​. എ.സിയുടെ താപനില 26 ആയി സെറ്റ് ചെയ്യുന്നതലിലൂടെ വൈദ്യുതി കാര്യമായി ലാഭിക്കാനാവുമെന്ന സന്ദേശമാണ്​ ‘എ.സി സെറ്റ്​@26കാമ്പയിലൂടെ നൽകുന്നത്​.

കുടിവെള്ളം സുലഭമാകണം

മഴ ​തിമിർത്ത്​​​ പെയ്യുമ്പോൾ ഡാമുകളിൽ ജലനിരപ്പുയരും. വേനൽ കനക്കുന്നതോടെ ഡാമുകളി​ലേതിനൊപ്പം കിണറുകളിലും ജലനിരപ്പ്​ വലിയതോതിൽ കുറയുന്നു. വെള്ളം തടസ്സംകൂടാതെ ലഭ്യമാക്കാൻ നമ്മുടെ ജലവിതരണ സംവിധാനത്തിന്​ ഇനിയും കഴിഞ്ഞിട്ടില്ല. ചിലയിടങ്ങളിൽ രാത്രി മാത്രമാവും വെള്ളമെത്തുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിൽ മാത്രം ​പൈപ്പുകളിൽ വെള്ളമെത്തുന്നയിടങ്ങളുണ്ട്​. വെള്ളം മുടങ്ങിയാൽ പുനഃസ്ഥാപിക്കാനുള്ള നീണ്ട കാത്തിരിപ്പ്​ തുടരുന്ന സ്ഥലങ്ങളും കുറവില്ല. ജലക്ഷാമം വ്യവസായമേഖലയിലും പ്രതിസന്ധി സൃഷ്​ടിക്കുന്നു.

ഭൂജലവിതാനവും ഓരോ വർഷം കഴിയുംതോറും കുറയുന്നതായാണ്​ കണക്കുകൾ. വ്യാപകമാവുന്ന കുഴൽകിണറുകളും ഭൂജലം റീ ചാർജ്​ ചെയ്യാനുള്ള പ്രകൃതിപരമായ സംവിധാനങ്ങൾ നഷ്ടമാവുന്നതുമാണ്​ ഭൂജലവിതാനം താഴുന്നതിന്​ കാരണം. 2001ൽ ​സംസ്ഥാനത്തെ ആകെ വാർഷിക ജല ആവശ്യകത 26,800 ദശലക്ഷം ഘനമീറ്ററായിരുന്നു. 2031 ഓടെ ഇത്​ 44,000 ദശലക്ഷം ഘനമീറ്ററായി വർധിക്കുമെന്നാണ്​ ദേശീയ സാമ്പത്തിക ഗവേഷണ കൗൺസിലിന്‍റെ പഠനം ചൂണ്ടിക്കാട്ടുന്നത്​.

ജലബജറ്റിലും ​പ്രതീക്ഷ

ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയാറാക്കുന്ന സംസ്ഥാനമാണ്​ ​ കേരളം. ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ് അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവയാണ് ജല ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അനാവശ്യമായി ജലം പാഴാക്കാനുള്ളതല്ല എന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി നടപ്പാക്കുന്ന പദ്ധതിയാണ് ജനകീയ ജല ബജറ്റ്. സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ പ്രതിനിധികളും വിവര സാങ്കേതിക മേഖലയിലെ വിദഗ്ധരും ഉൾപ്പെടുന്ന സമിതിയാണ് ജല ബജറ്റിന് രൂപം നൽകുന്നത്.

എ.സി. ഉപയോഗം: കീശ ചോരാതിരിക്കാൻ ഇവ ​ശ്രദ്ധിക്കാം

എയർ കണ്ടീഷനർ വിൽപനയും ഉപയോഗവും വർധിച്ച സാഹചര്യത്തിൽ കരുതലോടെ ഉപയോഗിച്ചാൽ കാര്യമായി വൈദ്യുതി ലാഭിക്കാനാവും. ഒരു ടണ്ണിന്‍റെ എയര്‍ കണ്ടീഷണര്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറ്‌ യൂനിറ്റ്‌ വൈദ്യുതി​ ചെലവാകും. വൈദ്യുതി ലാഭിക്കാന്‍ ഇക്കാര്യങ്ങൾ ​ശ്രദ്ധിക്കാം.

1. മുറിയുടെ വലുപ്പം അനുസരിച്ച്‌ അനുയോജ്യമായ എ.സി തെരഞ്ഞെടുക്കണം.

2. വാങ്ങുമ്പോൾ ബി.ഇ.ഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക, ‘ഫൈവ്​സ്റ്റാര്‍’ ആണ്‌ ഏറ്റവും ഊർജക്ഷമത നൽകുക.

3. എ.സി മുറികളിലേക്ക്‌ ജനലുകള്‍, വാതിലുകള്‍, മറ്റു സുഷിരങ്ങൾ എന്നിവയില്‍ക്കൂടി വായു കടക്കുന്നില്ലെന്ന്‌ ഉറപ്പാക്കുക.

4. ഫിലമെന്റ്‌ ബള്‍ബ്‌ പോലെ ചൂട്‌ പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍നിന്ന്‌ ഒഴിവാക്കുക.

5. എ.സി താപനില 25 ലോ 26 ലോ ക്രമീകരിക്കുക.

6. എ.സി ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കണം

7. കണ്ടന്‍സര്‍ യൂനിറ്റ്‌ കൂടുതൽ വെയിലേൽക്കാത്ത വശത്ത്​ ഘടിപ്പിക്കുക

8. കണ്ടന്‍സറിന്‌ ചുറ്റും വായു സഞ്ചാരം ഉറപ്പാക്കുക.

9. കുറഞ്ഞ ചൂടുള്ള​പ്പോൾ ഫാന്‍ ഉപയോഗിക്കുക.

10. വീടിന്റെ പുറം ചുമരുകളിലും ടെറസിലും വെള്ള പെയിന്റ്‌ അടിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ്‌ നിര്‍മിക്കുന്നതും വീടിനു ചുറ്റും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതും മുറികളിലെ ചൂട്‌ കുറക്കും.

 

Tags:    
News Summary - electricity consumption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.