വൈദ്യുതി ചാർജിങ് നിരക്ക് കൂട്ടി

പകൽ ചാർജിങ് (സോളാർ-ഫാസ്റ്റ്) യൂനിറ്റിന് മൂന്നര രൂപയും രാത്രി ചാർജിങ് (നോൺ സോളാർ-ഫാസ്റ്റ്) പത്തേകാൽ രൂപയും കൂടി; രാത്രി സ്ലോ ചാർജിങ്ങിന് 5.23 രൂപയും കൂടി; പകൽ ​സ്ലോ ചാർജിങ്ങിന് 50 പൈസ കുറഞ്ഞു

പാലക്കാട്: വൈദ്യുതി വാഹന ചാർജിങ് നിരക്ക് പരിഷ്‍കരിച്ച് ഉത്തരവിറങ്ങി. ഡി.സി ചാർജിങ്ങിന് സോളാർ വിഭാഗത്തിൽ (രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെ) യൂനിറ്റിന് 3.5 രൂപയും നോൺ സോളാർ വിഭാഗത്തിൽ (വൈകീട്ട് നാലു മുതൽ രാവിലെ ഒമ്പതു വരെ) 10.23 രൂപയും വർധിച്ചു. എ.സി ചാർജിങ്ങിന് നോൺ സോളാർ വിഭാഗത്തിൽ 5.23 രൂപ വർധിച്ചു. അതേസമയം, എ.സി ചാർജിങ്ങിന് സോളാർ വിഭാഗത്തിൽ 50 പൈസ കുറഞ്ഞു. ഊർജ തീരുവയും സേവന ചാർജുമടക്കം പരിഷ്‍കരിച്ചുള്ള പുതിയ നിരക്ക് ഈടാക്കാൻ ചാർജിങ് സ്റ്റേഷനുകൾക്ക് കെ.എസ്.ഇ.ബി നിർദേശം നൽകി.

ചെറിയ വാഹനങ്ങളുടെയടക്കം എ.സി ചാർജിങ്ങിന് സോളാർ വിഭാഗത്തിൽ യൂനിറ്റിന് 8.5 രൂപയും നോൺ സോളാർ വിഭാഗത്തിൽ 14.23 രൂപയുമാണ് ഇനി ഈടാക്കുക. ഡി.സി ചാർജിങ്ങിന് സോളാർ വിഭാഗത്തിൽ 16.5 രൂപയും നോൺ സോളാർ വിഭാഗത്തിൽ 23.23 രൂപയുമായിരിക്കും.

സോളാർ, നോൺ സോളാർ വ്യത്യാസമില്ലാതെ എ.സി ചാർജിങ്ങിന് യൂനിറ്റിന് ഒമ്പതു രൂപയും ഡി.സി ചാർജിങ്ങിന് 13 രൂപയുമാണ് നേരത്തേ ഈടാക്കിയിരുന്നത്. പുതുക്കിയ നിരക്കിൽ എ.സി ചാർജിങ്ങിന് സോളാർ വിഭാഗത്തിൽ ഊർജതീരുവ അഞ്ചു രൂപയും നോൺ സോളാർ വിഭാഗത്തിൽ 9.30 രൂപയുമാണ്. ചാർജിങ് സെൻററുകളിലെ സേവനനിരക്കും സോളാർ, നോൺ സോളാർ വിഭാഗങ്ങളിൽ വ്യത്യസ്തമാണ്. സോളാർ വിഭാഗത്തിൽ മൂന്നു രൂപയും നോൺ സോളാർ വിഭാഗത്തിൽ നാലു രൂപയുമാണ് എ.സി ചാർജിങ്ങിനുള്ള സേവനനിരക്ക്. ഡി.സി ഫാസ്റ്റ് ചാർജിങ്ങിന് ഇത് യഥാക്രമം 11 രൂപയും 13 രൂപയുമാണ്.

കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് താരിഫ് നിശ്ചയിച്ചതെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിന് തുടക്കത്തിൽ മൂന്നു സമയ വിഭജനങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും ചാർജിങ് സ്റ്റേഷനുകളുടെ അപര്യാപ്തത കാരണം രണ്ടായി ചുരുക്കുകയായിരുന്നു. ഇതനുസരിച്ച് മീറ്ററുകൾ ക്രമീകരിക്കാനും പുതിയത് സ്ഥാപിക്കാനും ഏപ്രിൽ ഒന്നു വരെയാണ് റെഗുലേറ്ററി കമീഷൻ സമയം നൽകിയിരുന്നത്.

ഇ.വി ചാർജിങ്: പുതുക്കിയ നിരക്ക് (ബ്രാക്കറ്റിൽ പഴയ നിരക്ക്)

  • എ.സി സോളാർ (​സ്ലോ ചാർജിങ്): 8.5 രൂപ (ഒമ്പതു രൂപ)
  • എ.സി നോൺ സോളാർ (​സ്ലോ ചാർജിങ്): 14.23 രൂപ (ഒമ്പതു രൂപ)
  • ഡി.സി സോളാർ (ഫാസ്റ്റ് ചാർജിങ്): 16.5 രൂപ (13 രൂപ)
  • ഡി.സി നോൺ സോളാർ (ഫാസ്റ്റ് ചാർജിങ്): 23.23 രൂപ (13 രൂപ)
Tags:    
News Summary - Electricity charging rates increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.