തിരുവനന്തപുരം: വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ നൽകേണ്ട പണം നൽകുമ്പോഴും ബിൽ ഉയർന്ന നിലയിൽ തന്നെ തുടരുന്നതിനെച്ചൊല്ലി ജല അതോറിറ്റിയിൽ പ്രതിഷേധം ഉയരുന്നു. കെ.എസ്.ഇ.ബിക്ക് നൽകേണ്ട കുടിശ്ശിക വലിയതോതിൽ വർധിച്ചുവെന്നാണ് ജല അതോറിറ്റിയുടെ ബില്ലുകൾ വ്യക്തമാക്കുന്നത്.
2023 ഒക്ടോബർ 31 വരെയുണ്ടായിരുന്ന 2068 കോടി രൂപയുടെ കുടിശ്ശിക സർക്കാർ ഏറ്റെടുത്തിരുന്നു. ഇത് 10 തുല്യ ഗഡുക്കളായി കെ.എസ്.ഇ.ബിക്ക് നൽകാനും ധാരണയായി. ഇതോടൊപ്പം, ജല അതോറിറ്റി വരുമാനത്തിൽ നിന്ന് പ്രതിമാസം 10 കോടി രൂപ കെ.എസ്.ഇ.ബിക്ക് നൽകുന്നുമുണ്ട്.
എന്നാൽ, സർക്കാർ നൽകിയ ഗഡുക്കളും മാസാദ്യം ജല അതോറിറ്റി നൽകുന്ന പണവും കെ.എസ്.ഇ.ബി നൽകുന്ന ബില്ലുകളിൽ കുറയുന്നില്ലെന്നാണ് ആക്ഷേപം. നാല് മാസമായി ബില്ലിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് മാത്രമല്ല, കുടിശ്ശികക്ക് അധിക പലിശ കണക്കാക്കി ബില്ലിൽ ഉൾപ്പെടുത്തുന്നതായും പരാതിയുണ്ട്. സർക്കാർ ഇതിനകം ഏറ്റെടുത്തതായി പ്രഖ്യാപിച്ച കുടിശ്ശികക്കാണ് വീണ്ടും പലിശയും സർചാർജും ചുമത്തുന്നത്.
സർക്കാർ നിർദേശപ്രകാരം നൽകിയ ഗഡുക്കളും ജല അതോറിറ്റി അടച്ച തുകയുമടക്കം ബില്ലിൽ കുറക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ മന്ത്രി റോഷി അഗസ്റ്റിന് കത്ത് നൽകി. പ്രശ്ന പരിഹാരത്തിന് കെ.എസ്.ഇ.ബി-ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന ആവശ്യവും ജീവനക്കാരുടെ സംഘടനകൾ ഉന്നയിക്കുന്നു. നിലവിൽ ജീവനക്കാരുടെ വിവിധ ആനൂകൂല്യങ്ങൾപോലും നൽകാനാകാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ജല അതോറിറ്റി കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.