ഡീപ് ഫേക്ക് വീഡിയോക്കും ഓഡിയോക്കും പൂർണ വിലക്ക്; എ.ഐ പ്രചാരണത്തിന് കർശന നിരീക്ഷണവുമായി തെരഞ്ഞെടുപ്പ് കമീഷണർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എ.ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷൻ. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കൽ, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂർണമായും വിലക്കി. വ്യാജ ചിത്രങ്ങൾ, ശബ്ദ സന്ദേശങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവ നിർമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു.

എ.ഐ നിർമിത കണ്ടന്റുകളാണെങ്കിൽ അവ വ്യക്തമായി രേഖപ്പെടുത്തണം. വീഡിയോയിൽ സ്ക്രീനിന് മുകളിലും ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്പ്ലേ ഭാഗത്തും, ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ, സ്ഥാപനത്തിന്‍റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നത് പൂർണമായും നിരോധിച്ചു. പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനകം അത് നീക്കണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവർക്ക് മുന്നറിയിപ്പ് നൽകണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യണം. എ.ഐ ഉപയോഗിച്ച് നിർമ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിർമാതാവിന്റെ വിവരങ്ങൾ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാർട്ടികൾ സൂക്ഷിക്കണമെന്നും കമീഷൻ നിർദേശിച്ചു.

Tags:    
News Summary - Deepfake video completely banned; Election Commissioner to strictly monitor AI campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.