'സ്വപ്നങ്ങൾ പൊലിയുമോ': കെ.എ.എസ് നിയമനം പ്രതിസന്ധിയിൽ, കാലാവധി തീരാൻ രണ്ടുമാസം മാത്രം
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഐ.എ.എസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസ് നിയമനത്തിനായുള്ള ഉദ്യോഗാർഥികളുടെ കാത്തിരിപ്പ് 10 മാസം നീണ്ടിട്ടും തീരുമാനമില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിയമന ഉത്തരവ് നൽകാനും സർക്കാറിന് മുന്നിലുള്ളത് വെറും രണ്ടുമാസം മാത്രമാണ്. അതിവേഗം നീങ്ങിയില്ലെങ്കിൽ രണ്ടാം കെ.എ.എസ് പരീക്ഷയും അഭിമുഖവും കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്നവരുടെ സ്വപ്നങ്ങൾ പൊലിയും.
31 പരിശീലന തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകാൻ മുഖ്യമന്ത്രി ഫയലിൽ എഴുതിയിട്ടുപോലും തീരുമാനം നീളുകയാണ്. കെ.എ.എസുകാർക്കായി മാറ്റിവെക്കുന്ന തസ്തികകളിൽ സ്ഥാനക്കയറ്റം വഴി എത്താമെന്ന് മോഹിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഫയൽ നീക്കം വൈകിക്കുന്നതെന്ന് ഉദ്യോഗാർഥികൾ സംശയിക്കുന്നു. 31 ഒഴിവുകൾ ഉണ്ടെന്ന് കൃത്യമായി വിജ്ഞാപനത്തിൽ രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് രണ്ടാം കെ.എ.എസിനായി അപേക്ഷ ക്ഷണിച്ചത്.
പരീക്ഷയും അഭിമുഖവും കഴിഞ്ഞ് 200 പേരടങ്ങിയ മെയിൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എന്നാൽ, ഇല്ലാത്ത ഒഴിവുകൾ വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയത് വലിയ തിരിച്ചടിയായി. ഭരണം മാറിയപ്പോൾ കഴിഞ്ഞ സർക്കാർ കാട്ടിയ ഈ പിഴവ് ഉദ്യോഗസ്ഥർ ഫയലിൽ എഴുതുകയും ചെയ്തു. ഇതാണ് നിയമന നീക്കങ്ങൾക്ക് തിരിച്ചടിയായത്. എന്നാൽ, ഉദ്യോഗാർഥികൾക്ക് നിയമനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തെങ്കിലും ഫയൽ മന്ത്രിസഭയിലെത്തിച്ച് തീരുമാനമെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
വയോജന വകുപ്പിൽ 14 തസ്തികകൾ കെ.എ.എസുകാർക്കായി സൃഷ്ടിക്കാൻ തീരുമാനിച്ചതിനാൽ ഒഴിവില്ലെന്ന തർക്കം ഇപ്പോൾ നിലനിൽക്കുന്നില്ല. റാങ്ക് പട്ടികയിലെ ചിലർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്തികകളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇവർക്ക് കെ.എ.എസിലേക്ക് നിയമനം ലഭിച്ചാൽ ആ തസ്തികകളിൽ ഒഴിവു വരും. ആ റാങ്ക് ലിസ്റ്റുകളിലെ കൂടുതൽ പേരെ നിയമിക്കാനും അവസരം ഒരുങ്ങും. പക്ഷേ, എല്ലാറ്റിനും ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ സർക്കാർ തീരുമാനം വരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.