പ്രതീകാത്മക ചിത്രം
അവശ്യമരുന്ന് ലഭ്യമല്ല ;ഇ.എസ്.ഐയിലെത്തുന്ന രോഗികൾ വലയുന്നു
കളമശ്ശേരി: നിരവധി വ്യവസായശാലകളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികളും അവരുടെ കുടുംബങ്ങളും ആശ്രയിക്കുന്ന ഇ.എസ്.ഐ ഡിസ്പെൻസറികളിൽനിന്ന് കഴിഞ്ഞ മൂന്നു മാസത്തോളമായി അവശ്യ മരുന്നുകൾ ലഭിക്കുന്നില്ലെന്ന് പരാതി. പ്രമേഹം, രക്തസമ്മർദം, കാർഡിയാക്, തൈറോയ്ഡ് തുടങ്ങി രോഗങ്ങൾക്ക് കഴിക്കേണ്ട മരുന്നുകൾ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതോടെ നൂറുകണക്കിന് രോഗികളാണ് പ്രയാസം നേരിടുന്നത്. മരുന്നുകൾ ലഭ്യമാകേണ്ട വെയർഹൗസ് തീപിടിച്ചതിനാലാണ് മരുന്നുകൾ ലഭിക്കാത്തതെന്നാണ് ഡിസ്പെൻസറികളിൽനിന്ന് പറയുന്നത്.
കഴിഞ്ഞ ജൂൺ ആറിനാണ് ഫോട്ട് കൊച്ചിയിലുള്ള ഇ.എസ്.ഐ സബ് സ്‌റ്റോറിൽ തീപിടിത്തം ഉണ്ടായത്. അഞ്ച് കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം. പുതിയ സ്‌റ്റോക്ക് എത്തിയതിന് പിന്നാലെയാണ് തീപിടിത്തം ഉണ്ടായതെന്നും അവർ പറയുന്നു. പുതിയ വെയർ ഹൗസിന് സർക്കാറിൽനിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതർ. ഇതിലുള്ള താമസമാണ് മരുന്ന് വിതരണം തുടങ്ങാനാകാത്തതെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ഡിസംബറോടെ മരുന്നുകൾ ഡിസ്പെൻസറികളിൽ എത്തുമെന്നും അവർ പറയുന്നു. എറണാകുളത്തിന് പുറമെ തൃശൂർ, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഡിസ്പെൻസറികളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
അതേസമയം, ഡോക്‌ടർമാരുടെ കുറിപ്പോടെ ലഭിക്കാത്ത മരുന്നുകൾ പുറമേ നിന്നും വാങ്ങിക്കുകയാണെങ്കിൽ ചിലവായ തുക കാലതാമസം കൂടാതെ തിരികെ നൽകുമെന്നാണ് ഇ.എസ്.ഐ അധികൃതർ പറയുന്നു. എന്നാൽ തുക ലഭിക്കാൻ ബുദ്ധിമുട്ടേണ്ടി വരുമെന്നതിനാൽ പലരും അതിന് തുനിയാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.