സ്വപ്നയുടെ ആരോപണങ്ങളിൽ നടപടിയുണ്ടാകുന്നില്ല; ഇ.ഡിയും ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുന്നു -വി.ഡി. സതീശൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുൻ മന്ത്രിമാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നടപടിയുണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്. സി.പി.എമ്മിലെ പോലെ ലൈംഗികാതിക്രമങ്ങൾ മറ്റേതെങ്കിലും പാർട്ടിയിൽ ഉണ്ടോയെന്നും സതീശൻ ചോദിച്ചു.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരായ വാർത്തകൾ എല്ലാവരും കൊടുക്കുന്നു. സി.പി.എമ്മിലെ പ്രമുഖരായ മൂന്ന് മുൻമന്ത്രിമാർക്ക് എതിരായ ആരോപണങ്ങൾ എന്തുകൊണ്ട് മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല. മാധ്യമങ്ങൾ അത് മൂടിവെക്കേണ്ടതില്ല. കാരണം അതും ഒരു സ്ത്രീയുടെ പരാതിയാണ്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി വന്നപ്പോൾ ഞങ്ങൾ പരാതി നൽകിയ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോയില്ല. ഈ പരാതികളുടെ പുറത്ത് എഫ്.ഐ.ആർ എങ്കിലും പൊലീസ് എടുക്കേണ്ടെ? മാങ്ങമോഷ്ടിക്കലും സ്വർണം മോഷ്ടിക്കലുമാണ് ഇപ്പോൾ പൊലീസിന്റെ പണി.

ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും മുൻ മന്ത്രിമാർക്കും എതിരെ നൽകിയിട്ടുള്ളത്. അവരുടെ ആരോപണങ്ങൾ ഇ.ഡി പോലും അന്വേഷിക്കില്ല. കാരണം ഇ.ഡിയും കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവും കേരളത്തിലെ സി.പി.എം സർക്കാരും ധാരണയിലാണ്. ലൈംഗികാരോപണങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് സ്വപ്ന ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. മന്ത്രിമാർ കുറ്റവാളികളാണെന്ന് പറയുന്നില്ല. എന്നാൽ നിരപരാധിത്വം തെളിയിക്കേണ്ടത് അവരുടെ കടമയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ പാർട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന ലഹരിവേട്ടകൊണ്ട് ലഹരി​ ഉപയോഗം ഇല്ലാതാക്കാൻ സാധിക്കില്ല. ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്തണം. സർക്കാർ അത്തരം ശ്രമങ്ങൾ നടത്തുന്നില്ല. സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വങ്ങൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Tags:    
News Summary - ED, BJP and CPM colluding -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.