നഷ്ടമായത് സമന്വയത്തിന്‍െറ മുഖം

കണ്ണൂര്‍ സിറ്റിയില്‍ എടപ്പകത്ത് തറവാട്ടില്‍ മക്കാടത്ത് വീട്ടില്‍ ജനിച്ച് വിശ്വപൗരനായി വളര്‍ന്ന ഇ. അഹമ്മദ് എം.പിയുടെ നിര്യാണവാര്‍ത്ത മനസ്സില്‍ വെള്ളിടിപോലെയാണ് വന്നുപതിച്ചത്. ദേശീയ രാഷ്ട്രീയ സംഘടനയായ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്‍െറ പരമോന്നത സ്ഥാനത്തിരിക്കെ മുസ്ലിം സമുദായത്തിന്‍െറ നേതൃത്വവും മതേതരസമൂഹത്തിന്‍െറ നെടുനായകത്വവും ലോക്സഭാംഗത്വവും ഒന്നിച്ച് വഹിച്ചുവരവെയാണ് അന്ത്യം എന്നതാണ് ഏവരെയും ദു$ഖത്തിലാഴ്ത്തിയത്.

മോദി ഭരണത്തില്‍ ചില മുസ്ലിം രാഷ്ട്രങ്ങളില്‍ നടക്കുന്ന ഉച്ചകോടികളില്‍ മുസ്ലിം മുഖമായി അധികം പ്രത്യക്ഷപ്പെടേണ്ടിവന്നില്ളെങ്കിലും മുന്‍ ബി.ജെ.പി പ്രധാനമന്ത്രി വാജ്പേയിയുടെ കാലത്ത് യു.എന്നില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത് പ്രസംഗിച്ചത് ഇ. അഹമ്മദാണെന്നത് അദ്ദേഹത്തിന് കേന്ദ്ര ഭരണസിരാകേന്ദ്രങ്ങളില്‍ കൈവരിക്കാനായ അംഗീകാരത്തിന് തെളിവാണ്. നെഹ്റുവിന്‍െറ കാലശേഷം ഇന്ദിര സര്‍ക്കാറില്‍ സ്വാധീനമുണ്ടായിരുന്ന മുസ്ലിം നേതാക്കളില്‍ ഒരാളാണദ്ദേഹം.

 നയകോവിദനും വിവേകശാലിയുമായ രാഷ്ട്രീയതന്ത്രജ്ഞനായിരുന്നു അദ്ദേഹം. ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാറില്‍ രണ്ടു ഘട്ടങ്ങളിലും റെയില്‍വേ, വിദേശകാര്യവകുപ്പുകളുടെ സഹമന്ത്രിയായി അദ്ദേഹം കാഴ്ചവെച്ച സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. വിദേശരാഷ്ട്രങ്ങളില്‍ വിശിഷ്യ, അറബ് രാജ്യങ്ങളില്‍ നടക്കുന്ന ഉച്ചകോടികളിലും ചര്‍ച്ചാവേദികളിലും അദ്ദേഹം ഇന്ത്യയുടെ പ്രാതിനിധ്യം വഹിച്ച് പങ്കെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ജീര്‍ണാവസ്ഥയിലായിരുന്ന റെയില്‍വേസ്റ്റേഷനുകളുടെ പരിഷ്കരണവും നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേയുടെ നവീകരണവും അദ്ദേഹത്തിന്‍െറ സംഭാവനകളാണ്.

ജന്മനാടായ കണ്ണൂരില്‍ വിദ്യാഭ്യാസ നവോത്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ശ്ളാഘനീയമാണ്. കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ നേതൃത്വം വഹിക്കവെയാണ് ഏറ്റവും പ്രശസ്തമാം വിധം നടത്തപ്പെടുന്ന വനിത സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വളര്‍ന്നുവന്നത്. ഇന്ത്യയില്‍ പ്രസിദ്ധിയാര്‍ജിച്ച ഹംദര്‍ദ് യൂനിവേഴ്സിറ്റിയുടെ ഓഫ് കാമ്പസ് സെന്‍റര്‍ കണ്ണൂരിലത്തെിച്ചത് അദ്ദേഹമാണ്. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ മലപ്പുറം ജില്ലയിലെ ഓഫ് കാമ്പസ് സെന്‍ററിന്‍െറ സംസ്ഥാപനത്തിലും തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ വികസനത്തിലും അദ്ദേഹത്തിന്‍െറ സേവനമുദ്ര പതിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ അഡ്മിന്‍ ഓഫിസും ലൈബ്രറി സംവിധാനങ്ങളും കണ്ണൂര്‍ സിറ്റിയിലത്തെിക്കുന്നതിലും അദ്ദേഹത്തിന്‍െറ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്നു കാണാം.കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെ അദ്ദേഹം തുടക്കം കുറിച്ച പല സംരംഭങ്ങളും ഇന്ന് നടപ്പില്‍വരുകയും ചിലതൊക്കെ തുടര്‍ച്ച നഷ്ടപ്പെട്ട് മുടങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ട്. താവക്കര റെയില്‍വേ സബ്വെ പൂര്‍ത്തിയാക്കാനായെങ്കിലും താഴെത്തെരു റെയില്‍വേ കട്ടിങ് എന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനായില്ല.

കണ്ണൂര്‍, തലശ്ശേരി നഗരങ്ങളെ ബന്ധിപ്പിക്കുന്ന തീരദേശ റോഡും വളപട്ടണം ചാലോട് ബൈപാസ് റോഡും അദ്ദേഹത്തിന്‍െറ സ്വപ്ന പദ്ധതികളായിരുന്നു. കണ്ണൂരിന്‍െറ സമഗ്ര വികസനത്തിന് ഉതകുന്ന തലശ്ശേരി-മൈസൂരു റെയില്‍വേ ലൈന്‍, കണ്ണൂര്‍ വിമാനത്താവളം, അഴീക്കോട് തുറമുഖം, കാഞ്ഞങ്ങാട്, ബംഗളൂരു റെയില്‍വേ ലൈന്‍ എന്നിവ ഇനിയും സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നങ്ങളാണ്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിന്‍െറ മുഖ്യ ശില്‍പി അദ്ദേഹമായിരുന്നു. ചരിത്രപരമായി ഏറ്റവും പ്രാധാന്യമുള്ള അറക്കല്‍, ചിറക്കല്‍ രാജവംശങ്ങളുടെ ഈറ്റില്ലമായ കണ്ണൂരിന്‍െറ സമഗ്ര വികസനത്തോടൊപ്പം തന്‍െറ രാഷ്ട്രീയ തട്ടകമായ മലപ്പുറം ജില്ലയെ വൈജ്ഞാനികമായും സാമ്പത്തികമായും സമ്പുഷ്ടമാക്കാന്‍ അദ്ദേഹം പരമാവധി പരിശ്രമിച്ചിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ പിന്നിലെ ചാലകശക്തിയും അദ്ദേഹമായിരുന്നു.മുസ്ലിം ലീഗിന് മതേതരമുഖം നല്‍കാനും അതിലൂടെ കേരള മുസ്ലിംകള്‍ക്കും ഇതര സമുദായങ്ങള്‍ക്കും സഹകരണത്തിന്‍െറ മേഖലകളൊരുക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. വര്‍ഗീയ ഫാഷിസ്റ്റ് വേതാളഭൂതങ്ങള്‍ സര്‍വത്ര അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന ഈ ആസുരകാലഘട്ടത്തില്‍ സമന്വയത്തിന്‍െറയും സമവായത്തിന്‍െറയും മുഖം നഷ്ടപ്പെട്ടത് ദു$ഖകരമാണ്.

 

Tags:    
News Summary - E Ahamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.