മൂവാറ്റുപുഴ: മയക്കുമരുന്നുമായി പിടിയിലായ ആറംഗ സംഘം പേഴക്കാപ്പിള്ളിയിലെ വാടകമുറിയിൽ ലഹരി ഉപയോഗിക്കാൻ വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കിയിരുന്നതായി സൂചന. ചൊവ്വാഴ്ച രാത്രി എക്സൈസ് സംഘം മൂവാറ്റുപുഴ ഐ.ടി.ആർ ജങ്ഷനിൽനിന്നും പേഴക്കാപ്പിള്ളിയിൽനിന്നും എം.ഡി.എം.എയും ഹഷീഷ് ഓയിലുമായി പിടിയിലായവരാണ് വാടകക്കെടുത്ത മുറിയിൽ ഡ്രഗ് പാർട്ടി നടത്തിയിരുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചത്.
പേഴക്കാപ്പിള്ളിയിൽ വാടകക്കെടുത്തിരുന്ന മുറിയിലാണ് ലഹരിമരുന്ന് ഉപയോഗിക്കാൻ സൗകര്യം ഒരുക്കിയിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് പെരുമറ്റം സ്വദേശി വാടകക്ക് മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നവർക്ക് വേണ്ട സൗകര്യം ഒരുക്കിയിരുന്നത്. ഇവിടെ ഒട്ടേറെ പേർ സ്ഥിരം സന്ദർശകരായിരുന്നുവെന്നും ഇവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്ക് ഹഷീഷ് ഓയിലും എം.ഡി.എം.എയും ലഭിച്ചിരുന്നത് പെരുമ്പാവൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിൽ നിന്നാണെന്നാണ് സൂചന.
ബംഗളൂരുവിൽനിന്നും മംഗലാപുരത്തുനിന്നുമൊക്കെ വലിയ തോതിൽ ഇത്തരം ലഹരി പദാർഥങ്ങൾ എത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കോളജുകളും ഇതര സംസ്ഥാന ക്യാമ്പുകളും കേന്ദ്രീകരിച്ചാണ് ഇവയുടെ വിതരണ ശൃംഖലകൾ പ്രവർത്തിക്കുന്നത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി പിടിയിലായ രണ്ടു പേരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് നാലുപേർകൂടി പിടിയിലായത്. ഇവരിൽനിന്നാണ് ഹഷീഷ് ഓയിൽ പിടിച്ചെടുത്തത്.ഇവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. ലഹരിക്ക് അടിമകളായ ഇവരെ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ചു ചികിത്സിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.