അടിമാലി: കുട്ടികളുടെ മൃതദേഹങ്ങൾ അടിമാലി ആശുപത്രിയിൽ എത്തിച്ചത് ട്രക്കിങ്ങിനായി വിളിച്ച ജീപ്പുകളിൽ. പുഴയുടെ അടുത്താണ് ട്രക്കിങ്ങിനായി പോയ വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്.കുട്ടികൾ പുഴയിലിറങ്ങി മുങ്ങി താണപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതും ഇതേ വാഹനത്തിലെ ഡ്രൈവർമാരാണ്. ഇതിൽ തന്നെയാണ് കുട്ടികളുമായി ആശുപത്രിയിലേക്കെത്തിയതും. മാങ്കുളത്ത് വിദ്യാർഥികൾ അപകടത്തിൽ പെട്ട വിവരമറിഞ്ഞതോടെ അടിമാലി താലൂക്കാശുപത്രിയിൽ ജീവനക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
അടിമാലി: മാങ്കുളത്ത് എത്തിയ വിദ്യാർഥി വിനാദയാത്ര സംഘത്തെ ദുരന്ത സ്ഥലത്തേക്ക് എത്തിച്ചത് ഓഫ് റോഡ് സവാരിക്കാരെന്ന് വിവരം. തങ്ങളെ സമീപിച്ച വിനോദ യാത്ര സംഘത്തോട് വല്യപാറക്കുട്ടിയുടെ പ്രകൃതി ഭംഗിയും ചേലക്കയത്തെ കുറിച്ചും സവാരിക്കാർ പറഞ്ഞു. ഓഫ് റോഡ് വാഹനങ്ങൾ മാത്രമാണ് ഇവിടെ എത്തുകയെന്നും അറിയിച്ചു. ഇതോടെ മൂന്ന് വാഹനങ്ങൾ ടാക്സിയായി വിളിച്ച് ചേലക്കയത്ത് എത്തി. എന്നാൽ കുട്ടികൾ വെള്ളത്തിലിറങ്ങരുതെന്നോ അപകട സാധ്യത ഉണ്ടെന്നോ പറഞ്ഞില്ല. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
അടിമാലി : കൺമുന്നിൽ കയത്തിലേക്ക് താഴ്ന്നുപോയ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരുടെ മുഖമായിരുന്നു ആശുപത്രിയിക്ക് മുന്നിൽ നിൽക്കുമ്പോഴും വിദ്യാർഥി സംഘത്തിന്റെ മനസിൽ. പലരും ഞെട്ടലിലായിരുന്നു. ചിലരൊക്കെ കരയുന്നുണ്ടായിരുന്നു. കരയിൽ നിന്ന കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മുങ്ങിത്താഴ്ന്നവരെ വെള്ളത്തിൽ നിന്ന് കയറ്റുകയും വാഹനങ്ങളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തത്. മാങ്കുളത്തെ കാനന ഭംഗിയും പ്രകൃതി രമണീയതയും അസ്വദിച്ച് കളിച്ച് ചിരിച്ച് നടന്ന മൂന്ന് പേർ തങ്ങളെ വിട്ട് പോയത് വിശ്വസിക്കാൻ ഇവർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.