ഇടുക്കി: കിഴുകാനത്ത് ആദിവാസി യുവാവ് സരുൺ സജിയെ വനംവകുപ്പ് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മൂന്നാംപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനംവകുപ്പ് കിഴുകാനം സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫാണ് അറസ്റ്റിലായത്.
ഹൈകോടതി ഇയാൾക്ക് മുൻകൂർ ജാമ്യം നിഷേധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പീരുമേട് ഡിവൈ.എസ്.പി ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്.
കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ഡി.എഫ്.ഒ ബി. രാഹുലിനെ അറസ്റ്റ് ചെയ്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് റേഞ്ച് ഓഫിസർ പി.കെ. മുജീബ് റഹ്മാനെ വനംവകുപ്പ് ഏതാനും ദിവസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. സരുൺ സജിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് ആദ്യം കണ്ടെത്തിയ റേഞ്ച് ഓഫിസറെ 11 മാസത്തിനുശേഷമാണ് സസ്പെൻഡ് ചെയ്തത്. ഡി.എഫ്.ഒ അടക്കം വനംവകുപ്പിലെ 13പേരാണ് കേസിലെ പ്രതികൾ ഇതിൽ സെക്ഷൻ ഫോറസ്റ്റർ വി. അനിൽകുമാർ ഉൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്യുകയും 13പേർക്കെതിരെ പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു.
2022 സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കണ്ണംപടി മുല്ല പുത്തൻപുരക്കൽ സരുൺ സജിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.