തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച വിഷയത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മരണവിട്ടീൽ പോകുമ്പോൾ മന്ത്രിമാരുടെ വാഹനത്തിന് മുന്നിൽ ചാടുന്നത് മറ്റൊരു രക്തസാക്ഷിയെക്കൂടി സൃഷ്ടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
‘കുട്ടിയുടെ വീട്ടിൽ മന്ത്രി അടക്കം പോകുമ്പോൾ കാറിനു മുന്നിൽ ചാടുന്നത് ശരിയല്ല. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തു. ഇതുപോലെ മുമ്പ് വേഗത്തിൽ നടപടിയുണ്ടായിട്ടുണ്ടോ? എന്നിട്ടും കരിങ്കൊടി കാണിക്കുന്നു. മരണവീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് നേതാക്കളുടെ കാറിനു മുന്നിൽ ചാടുന്നത് മറ്റൊരു രക്തസാക്ഷിയെ കൂടി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയ എട്ടാംക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ചത്. ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിനു മുകളിൽ തങ്ങുകയായിരുന്നു. ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലുള്ള ത്രീഫേസ് ലൈനിൽ പിടിച്ചതാണ് അപകടകാരണം. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റും കുട്ടിയെ ശാസ്‌താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോട്ടിന്മേൽ സ്കൂളിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മേയ് 13ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കുലർ പുറത്തിറക്കിയിരുന്നു. വീഴ്ച വരുത്തിയതിൽ പ്രധാന അധ്യാപികയെ സ്‌കൂൾ മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.