വന്യമൃഗങ്ങളെ പ്രദർശനവസ്തുവാക്കരുത്; കർശന നിർദേശവുമായി വനംവകുപ്പ്

തിരുവനന്തപുരം: കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ടനിലയിൽ കാണപ്പെടുന്ന വന്യമൃഗങ്ങളെ പിടികൂടുമ്പോൾ അവയെ പ്രദർശനവസ്തുവാക്കരുതെന്ന് കർശന നിർദേശവുമായി വനംവകുപ്പ്. പേരിനും പ്രശസ്തിക്കുംവേണ്ടി പരിചരണത്തിലുള്ള വന്യമൃഗങ്ങളുടെ ഫോട്ടോ, വിഡിയോ എന്നിവ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (വൈൽഡ് ലൈഫ്) ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. റാന്നിയിൽ കണ്ടെത്തിയ കുട്ടിയാനയെ പ്രദർശനവസ്തുവാക്കി എന്നതടക്കമുള്ള പരാതികളിലാണ് നടപടി.

ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളും വനംവകുപ്പ് പുറത്തിറക്കി. ഇത്തരത്തിൽ ശ്രദ്ധയിൽപെടുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടതടക്കം വന്യമൃഗങ്ങളെ കൂട്ടത്തിലേക്ക് തിരികെ അയക്കുകയാണ് വേണ്ടത്.

സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് കഴിവതും ഒഴിവാക്കണം. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ട സാഹചര്യമാണെങ്കിൽ ചീഫ് വൈഡ് ലൈഫ് വാർഡന്‍റെ അനുമതി വാങ്ങണം. വന്യമൃഗങ്ങളെ രക്ഷപ്പെടുത്തുമ്പോഴും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴും പരിചരിക്കുമ്പോഴും പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഈ നിർദേശം ലംഘിക്കപ്പെട്ടാൽ നടപടി സ്വീകരിക്കും.

വന്യമൃഗങ്ങളുടെ പരിചരണത്തിന് രണ്ട് ഫീൽഡ് ജീവനക്കാരെ നിയോഗിക്കാം. മറ്റ് ഉദ്യോഗസ്ഥരുടെ സാമീപ്യം പരമാവധി ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - Do not exhibit wild animals; Forest department with strict instructions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.