കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകയുക്ത നാളെ വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം പൂർത്തിയാകുമ്പോഴാണ് വിധി വരുന്നത്. വിധി വൈകുന്നതിനെതിരെ പരാതിക്കാരൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഏപ്രിൽ 26നകം കേസ് പരിഗണിക്കാൻ ഹൈകോടതി നിർദേശിച്ചു.
എൻ.സി.പി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എം.എൽ.എ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയതിനെ ഹർജിക്കാരൻ എതിർത്തിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ വിധി വരുന്നത്.
നേരത്തെ ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നത്. തുടർന്ന് ലോകായുക്ത നിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തു സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. എന്നാൽ, ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കാത്തതിനാൽ ഇപ്പോഴും പഴയ ലോകയുക്ത നിയമം തന്നെയാണ് നിലനിൽക്കുന്നത്. ഇതാണ് മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിസന്ധിയുണ്ടാക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.