മുഖ്യമന്ത്രി സംവാദത്തില്‍നിന്നു പിന്‍വാങ്ങിയത് നിരാശപ്പെടുത്തി; അഭിമന്യുവിന്‍റെ മാതാപിതാക്കളുടെ കാല് പിടിച്ച് പിണറായി മാപ്പ് ചോദിക്കണമെന്നും വി.ഡി. സതീശൻ

പറവൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ സംവാദത്തില്‍നിന്നു പിന്‍വാങ്ങിയത് ഏറെ നിരാശപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദത്തില്‍ ഏര്‍പ്പെടാനുള്ള സ്ഥലവും തീയതിയും മുഖ്യമന്ത്രി അറിയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സംവാദം അദ്ദേഹം സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെയാക്കി മാറ്റി. അതില്‍ കുഴപ്പമില്ല. അദ്ദേഹം പറയുന്ന നുണകള്‍ക്ക് മറുപടി പറയുമ്പോള്‍ പിന്നീട് അതിനെ കുറിച്ച് ഒരു പരാമര്‍ശവുമില്ല. 443000 പേര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വീട് നിർമിച്ചു കൊടുത്തെന്ന് തെളിയിച്ചപ്പോള്‍ അതിന് മുമ്പ് അദ്ദേഹം പറഞ്ഞ 4000 വീടുകള്‍ മാത്രമെ നിര്‍മിച്ചിട്ടുള്ളൂവെന്ന വാദത്തെ കുറിച്ച് മിണ്ടുന്നില്ല. മുഖ്യമന്ത്രി പറഞ്ഞത് യമണ്ടന്‍ നുണയാണെന്ന് അദ്ദേഹത്തിന്റെ തന്നെ മന്ത്രിസഭയിലെ അംഗങ്ങള്‍ തന്ന ഉത്തരം വെച്ചാണ് തെളിയിച്ചത്. അതിനു ശേഷം അതേ കുറിച്ച് മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ലെന്നും സതീശൻ വിമർശിച്ചു.

പറവൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്. 40 വര്‍ഷം തോളത്ത് വെച്ച് നടന്നപ്പോള്‍ മതേതരവാദികളും യു.ഡി.എഫിന് പിന്തുണ നല്‍കിയപ്പോള്‍ വര്‍ഗീയവാദികളുമായി. എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിന്റെ തീരുമാനമാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താൻ പറഞ്ഞത്. എസ്.ഡി.പി.ഐയുടെ പിന്തുണ നിരസിച്ച ആദ്യ മുന്നണിയാണ് യു.ഡി.എഫ് എന്നത് മുഖ്യമന്ത്രി മറന്നു പോകരുത്. അവസരവാദത്തിന്റെ ആള്‍രൂപമായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. ആര്‍.എസ്.എസുമായി ചില സമയത്ത് കൂടും, ചില സമയത്ത് കൂടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

എസ്.ഡി.പി.ഐയുമായും പി.ഡി.പിയുമായും ആര്‍.എസ്.എസുമായും കൂടുന്നതിനെയാണ് അവസരവാദമെന്ന് പറയുന്നത്. എങ്ങനെയെങ്കിലും ജയിക്കുന്നതിനു വേണ്ടി ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകളുമായി പിണറായി വിജയന്‍ സന്ധി ചെയ്യുകയാണ്. എന്ത് ചെയ്താലും ജയിക്കില്ല. കാരണം മതേതര കേരളമാണെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. എസ്.ഡി.പി.ഐയുമായി കൂട്ട് കൂടുന്നതിന് മുമ്പ് പിണറായി വിജയന്‍ എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീട്ടില്‍ പോയി മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് ചോദിക്കണം. എസ്.ഡി.പി.ഐക്കാര്‍ അഭിമന്യൂവിനെ കൊന്നതാണെന്നാണ് അന്ന് ദേശാഭിമാനി എഴുതിയത്. എന്തൊരു പ്രചരണമായിരുന്നു അന്ന്. രക്തസാക്ഷികളോട് പോലും സി.പി.എം നീതി കാട്ടിയില്ല. മുഖ്യമന്ത്രി തങ്ങളോട് വയനാട്ടിലെ കണക്ക് ചോദിക്കുകയാണ്.

വീട് നിര്‍മാണ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അത് പൊതുജനങ്ങളോട് പറഞ്ഞോളാം. സി.പി.എമ്മിന് കണക്ക് കൊടുക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല. തങ്ങളോട് കണക്ക് ചോദിക്കാന്‍ വരുന്ന മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് പയ്യന്നൂരില്‍ രക്തസാക്ഷിക്ക് വേണ്ടി പിരിച്ച പണം എം.എല്‍.എയും ഏരിയ സെക്രട്ടറിയും എവിടെ മുക്കിയെന്ന് ആദ്യം അന്വേഷിക്കണം. അഭിമന്യുവിന് വേണ്ടി പിരിച്ച പണവും സ്വന്തം പാര്‍ട്ടിക്കാര്‍ എവിടെയാണ് മുക്കിയതെന്നും അന്വേഷിക്കണം. തിരുവനന്തപുരത്ത് വിഷ്ണുവിന് വേണ്ടി പിരിച്ച പണവും എവിടെയാണ് മുക്കിയത്? രക്തസാക്ഷികള്‍ക്കു വേണ്ടി പിരിക്കുന്ന ഫണ്ട് വരെ മുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. രക്തസാക്ഷി ഫണ്ട് മുക്കിയതിന്റെ കണക്ക് ചോദിച്ചിട്ട് മുഖ്യമന്ത്രി ഞങ്ങളോട് കണക്ക് ചോദിക്കാന്‍ വന്നാല്‍ മതി. സ്വന്തം കണ്ണിലെ കോലെടുത്തിട്ട് മതി മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുന്നത്. രക്തസാക്ഷിക്ക് വേണ്ടി പിരിച്ച ഫണ്ട് ഏരിയ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് കുഞ്ഞികൃഷ്ണന്‍ ഹാജരാക്കിയിട്ടുണ്ട്. രക്തസാക്ഷി ഫണ്ട് കട്ടെടുത്തവരെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാട്ടിയവരെ പുറത്താക്കുകയുമാണ് സി.പി.എം ചെയ്യുന്നത്. മൂന്ന് രക്തസാക്ഷികളുടെ ഫണ്ട് തട്ടിയെടുത്തത് സംബന്ധിച്ച് വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രക്തസാക്ഷികള്‍ ഉണ്ടാകുന്നത് ബംബര്‍ ലോട്ടറി അടിക്കുന്നതു പോലെയാണ് സി.പി.എമ്മിന്. അങ്ങനെയുള്ള സി.പി.എം വയനാട് ഫണ്ടിനെ കുറിച്ച് ഞങ്ങളോട് ചോദിക്കേണ്ട.

സംവാദത്തില്‍ പങ്കെടുക്കേണ്ടെന്ന് അദ്ദേഹത്തെ ആരെങ്കിലും ഉപദേശിച്ചുകാണും. ഭയന്നു പോയെന്ന മോശം വാക്കൊന്നും അദ്ദേഹത്തിനെതിരെ താന്‍ ഉപയോഗിക്കില്ല. അദ്ദേഹത്തിന് എന്നെ ഭയക്കേണ്ട ഒരു കാര്യവുമില്ല. ഇടക്ക് പൊലീസിനെ ഉപയോഗിച്ച് താന്‍ നല്‍കിയ അഭിമുഖമൊക്കെ മെറ്റയെ കൊണ്ട് ഒഴിവാക്കും. താന്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തതിന് അദ്ദേഹം എന്തിനാണ് ഇത്ര വിഷമിക്കുന്നതെന്ന് അപ്പോള്‍ ആലോചിക്കും. കേരളം പുടിന്റെയോ സ്റ്റാലിന്റെയോ റഷ്യയല്ല. എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചത് മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്ത അല്ലായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ നല്‍കിയത് വലിയ വാര്‍ത്തയാക്കി. അതേസമയം പി.ഡി.പിയും എസ്.ഡി.പി.ഐയും എല്‍.ഡി.എഫിന് പിന്തുണ നല്‍കുന്നത് വര്‍ത്തയേയല്ല. പിന്തുണ നല്‍കിയാല്‍ ആരെങ്കിലും വേണ്ടെന്നു പറയുമോയെന്നാണ് മുഖ്യമന്ത്രി ഇന്ന് ചോദിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് തന്നതും പിന്തുണയല്ലേ. അല്ലാതെ അവര്‍ക്ക് മത്സരിക്കാന്‍ ഞങ്ങള്‍ സീറ്റ് വിട്ടു നല്‍കിയില്ലല്ലോ.

വിഴിഞ്ഞം പദ്ധതിയുടെ പണി ആരംഭിച്ചതും സ്ഥലം ഏറ്റെടുത്തതും ഉമ്മന്‍ ചാണ്ടിയാണ്. ആ പദ്ധതി കൊണ്ട് വന്നപ്പോള്‍ 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടമാണെന്നും കടല്‍ക്കൊള്ളയാണെന്നും പറഞ്ഞ പിണറായി വിജയനാണ് ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. കൈരളിക്കും ദേശാഭിമാനിക്കും മാത്രമെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ സാധിക്കൂ. കൈരളിയും ദേശാഭിമാനിയും അല്ലാത്ത മാധ്യമങ്ങളെ മുഖ്യമന്ത്രി ചീത്ത വിളിക്കുന്നതും മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ച് പറയുന്നതുമൊക്കെ ഇന്നലെ വലിയ വാര്‍ത്തയായിരുന്നു. അതുകൊണ്ട് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ കൈരളിക്കാരും ദേശാഭിമാനിക്കാരും പരമാവധി പ്രകോപിപ്പിക്കണമെന്നും അങ്ങനെ മുഖ്യമന്ത്രിയെ പോലെ വി.ഡി സതീശനെയും മാറ്റണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എനിക്കെതിരെ ദിവസേന 20 കാര്‍ഡും പത്ത് വീഡിയോയും ഇറക്കണമെന്ന് എ.കെ.ജി സെന്ററില്‍ നിന്നും നിര്‍ദ്ദേശിച്ചതും എന്നോട് പറഞ്ഞത് ആ യോഗത്തില്‍ പങ്കെടുത്ത സി.പി.എമ്മുകാരാണ്.

എഫ്.സി.ആര്‍.എയില്‍ കോണ്‍ഗ്രസ് ഒരു നിലപാടും എടുത്തില്ലല്ലോയെന്നാണ് ദേശാഭിമാനി ലേഖകന്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്. പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ച ശേഷമാണ് മുഖ്യമന്ത്രി എസ്.സി.ആര്‍.എ വിഷയത്തില്‍ പ്രതികരിച്ചത്. ഞാന്‍ പ്രതികരിച്ച ശേഷമാണ് മറ്റെല്ലാ നേതാക്കളും ഈ വിഷയത്തില്‍ പ്രതികരിച്ചതും. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ്‌ന്യൂനപക്ഷ അവകാശങ്ങളും അവരുടെ സ്വത്തുക്കളും സ്ഥാപനങ്ങളും തട്ടിയെടുക്കുന്നതിനു വേണ്ടിയുള്ള വര്‍ഗീയ ലക്ഷ്യത്തോടെയാണ് നിയമഭേദഗതി കൊണ്ടു വരുന്നത്. അതേ സംഘ്പരിവാറാണ് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ വന്ന് ഈസ്റ്ററിനും ക്രിസ്മസിനും കേക്ക് കൊടുക്കുന്നത്. ഇവരാണ് കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിക്കുന്നതും ആരാധന തടസപ്പെടുത്താനും ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെയും മുസ്ലീംകളെയും തമ്മിലടിപ്പിക്കാനാണ് ഇവര്‍ നേരത്തെ വഖഫ് ബില്‍ കൊണ്ടുവന്നത്. അതിന് സി.പി.എമ്മും കുടപിടിച്ചു കൊടുത്തു. സി.പി.എമ്മിന്റെ അറിവോടെയാണ് മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കേസിനു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Disappointed by the Chief Minister's withdrawal from the debate -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.