പത്തനംതിട്ട: അടൂരിലെ നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ പൊലീസിനു ലഭിച്ചു. നൗഷാദിന്റേത് എന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷർട്ടിന്റെ ഭാഗങ്ങളാണ് കത്തിച്ച നിലയിൽ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒന്നരവർഷം മുമ്പാണ് നൗഷാദും ഭാര്യ അഫ്സാനയും അടൂരിലെ വാടക വീട്ടിൽ താമസിക്കാനെത്തിയത്. പിന്നീട് നൗഷാദിനെ കാണാതാവുകയായിരുന്നു. മകനെ കാണാനില്ലെന്ന് യുവാവിന്റെ മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
അന്വേഷണത്തിന്റെ ഭാഗമായി അഫ്സാനയെ ചോദ്യം ചെയ്തതാണ് പൊലീസിന് വഴിത്തിരിവായത്. ചോദ്യം ചെയ്യലിനിടെ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച അഫ്സാന അടിക്കടി മൊഴിമാറ്റിപ്പറഞ്ഞത് പൊലീസിനെ വലച്ചിരുന്നു. തുടർന്ന് ഇവരെ നുണ പരിശോധനക്ക് വിധേയമാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ പരുത്തിപ്പാറയിലെ ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നുവെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. വീടിനു സമീപത്തെ സെമിത്തേരിയിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
കൊലപാതകത്തിൽ സുഹൃത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും അഫ്സാന വെളിപ്പെടുത്തിയിരുന്നു. മൃതദേഹം സുഹൃത്തിന്റെ പെട്ടി ഓട്ടോയിലാണ് കൊണ്ടുപോയതെന്നും അഫ്സാന പറഞ്ഞു. ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
നൗഷാദിന് വാടകവീട് ശരിയാക്കി കൊടുത്ത ബ്രോക്കറെയും പൊലീസ് ചോദ്യം ചെയ്തു. നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഫ്സാന റിമാൻഡിലാണ്. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. 2021 നവംബർ അഞ്ച് മുതൽ നൗഷാദിനെ കാണാനില്ലെന്ന് കാണിച്ചാണ് മാതാപിതാക്കൾ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.