ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഭിനേതാക്കളെക്കുറിച്ചെന്നും തനിക്ക് അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. സിനിമ കാണാറില്ല. ദിലീപ് നല്ല നടനാണ്. അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ശബരിമലയിൽ സ്ത്രീകളെ കയറ്റിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നിട്ടും എൽ.ഡി.എഫ് തൂത്ത് വാരി. സർക്കാർ ഒരുപാട് നൻമകൾ ചെയ്തെങ്കിലും അതുപക്ഷേ വേണ്ട രീതിയിൽ പ്രചരിപ്പിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഉപരിയാണ്. വ്യക്തിബന്ധങ്ങളുമൊക്കെ ഘടകമാണ്. മൂന്നു മുന്നണികളും വാശിയോടെ പ്രവർത്തിച്ചു. അതാണ് പോളിങ് ഉയർന്നത്. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് മണിക്കൂർ പിന്നിടുമ്പോൾ ആകെ പോളിങ് ശതമാനം 53.54 ആയി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ് (43.54%). ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴയിലും (50.02%). കൊല്ലം (47.31%), പത്തനംതിട്ട 46.08%, കോട്ടയം (47.29%), ഇടുക്കി (45.45%), എറണാകുളം (50.01%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.
തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിലെയും ഇന്നത്തെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. സ്ഥാനാർഥികൾ അന്തരിച്ചതിനെ തുടർന്നാണ് രണ്ടിടത്തും വോട്ടെടുപ്പ് മാറ്റിവച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാർഥിയുടെ മരണം മൂലം മാറ്റിവച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. വൈകിട്ട് ആറിനകം എത്തുന്നവരെ ടോക്കൺ നൽകി ആറിനു ശേഷവും വോട്ടു ചെയ്യാൻ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.