മലപ്പുറം: മൊബൈൽ ഫോൺ അടക്കം ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതാസക്തിയെത്തുടർന്ന് രണ്ടര വർഷത്തിനിടെ സംസ്ഥാനത്ത് ഡിജിറ്റൽ ഡീ-അഡിക്ഷൻ കേന്ദ്രങ്ങളിൽ (ഡി-ഡാഡ്) ചികിത്സസഹായം തേടിയത് 1992 കുട്ടികൾ. 2023 മാർച്ച് മുതൽ 2025 ജൂലൈ വരെയുള്ള ആഭ്യന്തരവകുപ്പിന്റെ കണക്കുപ്രകാരമാണിത്. ആറ് ഡി-ഡാഡ് കേന്ദ്രങ്ങളിൽ കൊല്ലം ജില്ലയിലെ കേന്ദ്രത്തിലാണ് കൂടുതൽ പേരെത്തിയത് -480 കേസുകൾ. ബാക്കി എണ്ണമിങ്ങനെ: കോഴിക്കോട് -325, തൃശൂർ -304, കൊച്ചി -300, തിരുവനന്തപുരം -299, കണ്ണൂർ -284. ഓൺലൈൻ ഗെയിമുകൾ, സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം തുടങ്ങിയവയിലാണ് ചികിത്സാസഹായം നൽകിയത്. വിദഗ്ധ പരിശീലനം നേടിയ സൈക്കോളജിസ്റ്റ്, പ്രോജക്ട് കോഓഡിനേറ്റർ എന്നിവരുടെ സഹായത്തോടെയാണ് ചികിത്സ.
സഹായം തേടിയതിൽ 1164 കേസുകൾ തീർപ്പാക്കി. 571 എണ്ണത്തിൽ ചികിത്സ പുരോഗമിക്കുകയാണ്. 33 കേസുകളിൽ ചികിത്സ പാതിവഴിയിൽ നിർത്തി. 224 കേസുകൾ മറ്റു ചികിത്സകൾക്കായി കൈമാറി. കൊല്ലത്ത് 75 കേസുകളിൽ ചികിത്സ നടക്കുന്നു. 20 കേസുകൾ വിദഗ്ധ ചികിത്സക്ക് കൈമാറി. 380 കേസുകൾ തീർപ്പാക്കി. അഞ്ചു കേസുകൾ പാതിവഴിയിൽ. കോഴിക്കോട്ട് 148 കേസുകളിലും തൃശൂരിൽ 140 കേസുകളിലും കണ്ണൂരിൽ 97, കൊച്ചിയിൽ 79, തിരുവനന്തപുരത്ത് 32 കേസുകളിലും ചികിത്സ തുടരുകയാണ്. തിരുവനന്തപുരത്ത് 231, കൊച്ചിയിൽ 157, കോഴിക്കോട് -142, കണ്ണൂർ -141, തൃശൂർ -113 കേസുകൾ തീർപ്പാക്കി. കൊച്ചിയിൽ 10, തിരുവനന്തപുരത്ത് ഏഴ്, കണ്ണൂരിൽ അഞ്ച്, തൃശൂരിൽ നാല്, കോഴിക്കോട്ട് രണ്ട് എന്നിങ്ങനെ കേസുകളാണ് പാതിവഴിയിൽ നിലച്ചത്.
കേരള പൊലീസിനു കീഴിലാണ് ഡിജിറ്റൽ ഡി-അഡിക്ഷൻ കേന്ദ്രങ്ങൾ. ആരോഗ്യം, വനിത-ശിശുവികസനം, വിദ്യാഭ്യാസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രവർത്തനം. 2025-‘26ൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി, കാസർകോട് എന്നിവിടങ്ങളിൽകൂടി കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2021 മുതൽ 2025 സെപ്റ്റംബർ ഒമ്പതുവരെയുള്ള കണക്കുപ്രകാരം മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംസ്ഥാനത്ത് 41 കുട്ടികൾ ആത്മഹത്യ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.