ഇൻഡിഗോ വിലക്ക് തിരുത്തിയാൽ നല്ലതെന്ന ജയരാജന്‍റെ പ്രതികരണത്തിന് പിന്നിൽ യാത്രാ ബുദ്ധിമുട്ട്

കോഴിക്കോട്: തനിക്ക് ഏർപ്പെടുത്തിയ വിലക്ക് ഇൻഡിഗോ വിമാനക്കമ്പനി തിരുത്തിയാൽ നല്ലതെന്ന് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജന്‍റെ പ്രതികരണത്തിന് പിന്നിൽ യാത്രാ ബുദ്ധിമുട്ട് തന്നെ. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനം മാത്രമാണ് സർവീസ് നടത്തുന്നത്.

കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എത്തി അവിടെ നിന്ന് മറ്റൊരു വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പോകേണ്ടതാണ് ഒരു മാർഗം. അല്ലെങ്കിൽ കണ്ണൂരിൽ നിന്ന് റോഡ് മാർഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി അവിടെ നിന്ന് വിമാനമാർഗം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യണം.

മലബാറിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളിൽ അടിയന്തരമായി എത്തേണ്ടവരും കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ സർവീസുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കണ്ണൂരിൽ നിന്ന് കോഴിക്കോട് എത്താൻ കണ്ണൂർ-കോഴിക്കോട്- ഡൽഹി എയർ ഇന്ത്യ വിമാനത്തിന് 10 മിനിറ്റ് മതി. ലോകത്തിലെ ഏറ്റവും

ദൈർഘ്യം കുറഞ്ഞ വിമാന സർവീസ് ആണിത്. കണ്ണൂരിൽ നിന്നൊഴികെ മറ്റൊരു വിമാനത്താളത്തിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാനയാത്രാ സൗകര്യമില്ല. ഇതാണ് ജയരാജന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുക.

യാത്രാവിലക്കിൽ പ്രതിഷേധിച്ച് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ജയരാജൻ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കും മൂന്ന് ദിവസത്തിന് ശേഷം തിരിച്ചും യാത്ര ചെയ്തത് ട്രെയിനിലാണ്. ജയരാജന് മൂന്നാഴ്ച യാത്രാ വിലക്കേർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടി പ്രതിഷേധാർഹമാണെന്നും വസ്‌തുതകൾ പൂർണ്ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കേണ്ടതാണെന്നും സി.പി.എം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്ത ഇ.പി ജയരാജൻ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുതള്ളുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് എൽ.ഡി.എഫ് കൺവീനർ ജയരാജന് ഇൻഡിഗോ വിമാനത്തിൽ മൂന്നാഴ്ചത്തെ യാത്രവിലക്ക് ഏർപ്പെടുത്തിയത്.

Tags:    
News Summary - Difficulty in travel behind EP Jayarajayan's response to change the Indigo ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.