പടവുകൾ കയറാനാകാതെ ഭിന്നശേഷിക്കാരൻ കാത്തുനിന്ന സംഭവം: ഭിന്നശേഷി കമീഷണർ കേസെടുത്തു

പൊന്നാനി: പൊന്നാനി മിനി സിവിൽ സ്‌റ്റേഷനിലെ സബ് രജിസ്ട്രേഷൻ ഓഫിസിൽ രജിസ്ട്രേഷൻ നടപടികൾക്ക് എത്തിയ ഭിന്നശേഷിക്കാരൻ പടവുകൾ കയറാനാകാതെ മൂന്ന് മണിക്കൂറോളം കാത്തുനിന്ന് നിരാശനായി മടങ്ങിയ സംഭവത്തിൽ സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയാകേെസടുത്തു.

പൊന്നാനി മിനി സിവിൽ സ്റ്റേഷനിൽ റാമ്പ് സൗകര്യമോ ലിഫ്റ്റോ ഇല്ലാത്തതിനാൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രേഷൻ ഓഫിസിലേക്ക് കയറാനാകാതെ മൻസൂർ എന്ന യുവാവ് കാത്തുനിന്ന വിഷയം കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് സംസ്ഥാന ഭിന്നശേഷി കമീഷണർ ഇടപെട്ടത്.

ജില്ല കലക്ടർ, രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ, ജില്ല രജിസ്ട്രാർ, പൊന്നാനി സബ് രജിസ്ട്രാർ എന്നിവർക്ക് നോട്ടീസ് അയക്കാനും ഉത്തരവായി. സിവിൽ സ്റ്റേഷനുകളിലെയും മിനി സിവിൽ സ്റ്റേഷനുകളിലെയും ഭിന്നശേഷിക്കാർക്കുള്ള സൗകര്യവും ക്രമീകരണങ്ങളും സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ല കലക്ടർമാരിൽനിന്നും വിശദ റിപ്പോർട്ട്‌ ആവശ്യപ്പെടാനും ഉത്തരവായി.

രജിസ്ട്രേഷൻ ചട്ടം പറഞ്ഞാണ് ഉദ്യോഗസ്ഥർ താഴേക്ക് ഇറങ്ങി വരാൻ തയാറാകാതിരുന്നത്. പ്രത്യേക ഫീസ് അടച്ച് അപേക്ഷ നൽകിയതിനെത്തുടർന്ന് തൊട്ടടുത്ത ദിവസം ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. പൊന്നാനി നഗരസഭ കാര്യാലയത്തിലും സിവിൽ സ്റ്റേഷനിലും ഭിന്നശേഷിക്കാർക്കായി സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.

Tags:    
News Summary - differently abled person was waiting incident: differently abled commissioner filed a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.