ഭിന്നശേഷിക്കാരുടെ ക്രമാതീത വര്‍ധന മറ്റൊരു എന്‍മകജെയായി കോടംതുരുത്ത് ഗ്രാമം

വടുതല (ആലപ്പുഴ): ഭിന്നശേഷിയുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് പഞ്ചായത്തില്‍ ജലമലിനീകരണം രൂക്ഷം.  ഇവിടത്തെ മത്സ്യസംസ്കരണ ഫാക്ടറികളില്‍നിന്നുള്ള രാസവസ്തുക്കളടങ്ങിയ വിഷജലം പ്രദേശത്തെ കുറുമ്പി കായലിലേക്കാണ് ഒഴുക്കുന്നത്.

ഇടത്തോടുകളാല്‍ ചുറ്റപ്പെട്ട, 15 വാര്‍ഡുകളുള്ള കോടംതുരുത്ത് പഞ്ചായത്തിലെ ജലസ്രോതസ്സുകളിലെല്ലാം ഒഴുകിയത്തെുന്നത് ഈ മലിനജലമാണ്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍  ഉണ്ടാക്കുന്നതായി പ്രദേശവാസികള്‍ നേരത്തേമുതല്‍ ചൂണ്ടിക്കാട്ടുന്നതാണ്. വര്‍ഷങ്ങളായി ഇവിടത്തെ വെള്ളവും വായുവും മലിനമാക്കുന്ന മത്സ്യസംസ്കരണശാലകളാണ് ഇതിന് ഉത്തരവാദികളെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഭൂഗര്‍ഭജലത്തെ ആശ്രയിച്ചാണ് കോടംതുരുത്തുകാര്‍ ജീവിക്കുന്നത്. 66 കുട്ടികള്‍ ഉള്‍പ്പെടെ  250ഓളം പേരാണ് ഭിന്നശേഷിക്കാരായി പഞ്ചായത്തിന്‍െറ കണക്കിലുള്ളത്. ഇതിനുപുറമെ പ്രദേശത്ത് അര്‍ബുദ രോഗികളും താരതമ്യേന കൂടുതലാണ്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം രോഗബാധിതരുടെ നാടായി മാറിയ കാസര്‍കോട്ടെ എന്‍മകജെയുടെ മറ്റൊരു പതിപ്പായി കോടംതുരുത്ത് മാറുകയാണോയെന്ന് സംശയം പ്രകടിപ്പിച്ച് ‘മാധ്യമം’ ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 

ഇതേക്കുറിച്ച് ഇതുവരെ പഠനം നടത്താത്തതും ആരോഗ്യവകുപ്പിനും പഞ്ചായത്ത് അധികൃതര്‍ക്കും കൃത്യമായ ബോധ്യമുണ്ടായിട്ടും നടപടിയെടുക്കാത്തതും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.   പ്രദേശത്ത് ഭൂരിഭാഗം മത്സ്യസംസ്കരണ കമ്പനികളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. മത്സ്യസംസ്കരണ മേഖലയില്‍ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ കൂടുതലുമുള്ളത്. 
തങ്ങളുടെ തൊഴില്‍ദാതാക്കള്‍ തന്നെയാണോ ദുരന്തം സമ്മാനിക്കുന്നതെന്ന സംശയം തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഒരു പരിധിക്കപ്പുറം ചെറുത്തുനില്‍ക്കാന്‍ അവര്‍ക്ക് കഴിയാതെപോകുന്നതിന് കാരണവും അതുതന്നെ. എന്നാല്‍, മലിനീകരണം സൃഷ്ടിക്കുന്ന കമ്പനികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും  അധികാരികള്‍ തയാറാകാത്തത് ദുരൂഹമാണ്.

കൈകാലുകളും മറ്റ് അവയവങ്ങളും തളര്‍ന്ന കുരുന്നുബാല്യങ്ങള്‍, ബുദ്ധിമാന്ദ്യം ബാധിച്ചവര്‍, കാഴ്ചയില്ലാത്ത കുട്ടികള്‍ എന്നിവരാണ് കോടംതുരുത്തിലെ ഭിന്നശേഷിക്കാരില്‍ ബഹുഭൂരിപക്ഷവും. നാല് വയസ്സുകാരി വൈഗയുടെയും പതിനാറുകാരന്‍ ഉണ്ണിക്കുട്ടന്‍െറയും അമ്മമാരുടെ അവസ്ഥ ആരുടെയും കരളലിയിക്കും. തലച്ചോറിന് വളര്‍ച്ചയില്ലാത്ത ഈ കുഞ്ഞുങ്ങളുടെ അടുക്കല്‍നിന്ന് ഒരു നിമിഷം പോലും മാറിനില്‍ക്കാന്‍ ഇവര്‍ക്കാകില്ല. എട്ടാംവാര്‍ഡിലെ മണക്കാട് പുരയിടത്തിലെ അരുണ്‍കുമാറിന് അരക്കുതാഴെ ചലനശേഷിയില്ല. 

വീടിന്‍െറ ഉമ്മറത്ത് തീരുന്നു ഈ ഇരുപത്തിമൂന്നുകാരന്‍െറ ലോകം. പതിനാറുകാരിയായ കാര്‍ത്തികക്ക് അടുത്തകാലത്താണ് ഓട്ടോമാറ്റിക് വീല്‍ചെയര്‍ കിട്ടിയത്. അതുവരെ വീടിനകമായിരുന്നു കാര്‍ത്തികയുടെയും ലോകം. അമ്മയുടെ തോളിലേറി നാലാംക്ളാസുവരെ സ്കൂളില്‍ പോയി. പല ആശുപത്രികളിലായി പലതരം ചികിത്സ നടത്തിയിട്ടും ഗുണം ചെയ്തില്ല. 

അതിനിടെ, മാധ്യമം വാര്‍ത്തയത്തെുടര്‍ന്ന് പഞ്ചായത്തില്‍ പുതിയ പഠനങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍. വാര്‍ത്തയോട് പ്രതികരിക്കവേ, പുതിയ പഠനങ്ങള്‍ നടത്തി ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അരൂര്‍ എം.എല്‍.എ എ.എം ആരിഫ് പറഞ്ഞു. രണ്ടു  പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും. കേരള സര്‍വകലാശാലയുടെ മെഡിക്കല്‍ സംഘത്തെ കോടംതുരുത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ ഉള്‍പ്പെടെ സാമൂഹിക സുരക്ഷാനടപടി കൃത്യമായി നടപ്പാക്കുമെന്നും ഗുരുതര ജലമലിനീകരണം സംബന്ധിച്ച് അനേഷിച്ച് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ സെബാസ്റ്റ്യനും അറിയിച്ചു.

Tags:    
News Summary - differently abled peoples village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.