‘ബിരിയാണിയുടെ കോലം കണ്ടോ’; എയർ ഇന്ത്യ എക്സ്പ്രസിലെ ദുരനുഭവം പങ്കുവെച്ച് അഷ്റഫ് താമരശ്ശേരി

ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. 15 ദിർഹം നൽകി (ഏകദേശം 337 ഇന്ത്യൻ രൂപ) വിമാനത്തിൽനിന്ന് വാങ്ങിയ ബിരിയാണിയുടെ വിഡിയോ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. പ്ലാസ്റ്റിക് പാത്രത്തിലുള്ള ബിരിയാണിയിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു. ഇത് ന്യായമോ, അന്യായമോയെന്നും അദ്ദേഹം കുറിപ്പിൽ ചോദിച്ചു.

‘കഴിഞ്ഞ ദിവസം ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്തു. സൗജന്യമായി നൽകി വന്നിരുന്ന സ്നാക്സ് ഇപ്പോൾ നിർത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക്‌ നൽകിയാണ് ടിക്കറ്റ് കിട്ടിയത്. അകത്ത് കയറിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു. എന്നാൽ, ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓർഡർ നൽകി. ചെറിയൊരു പാത്രം ബിരിയാണിക്ക് 15 ദിർഹം ഈടാക്കി. വിശപ്പ് അല്പം മാറുമല്ലോ എന്നാൽ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്‌. സഹോദരങ്ങളേ...കണ്ട് നോക്കി നിങ്ങൾ പറയൂ...ഇത് ന്യായമോ...? അന്യായമോ...?’, എന്നിങ്ങനെയായിരുന്നു കുറിപ്പ്.

അതേസമയം, അഷ്‌റഫ് താമരശ്ശേരിക്കുണ്ടായ ദുരനുഭവത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ എക്‌സ്പ്രസ് ആൻഡ് എയർ ഏഷ്യ ഇന്ത്യ രംഗത്ത് വന്നു. 'ഹലോ അഷ്‌റഫ്, താങ്കൾക്കുണ്ടായ നിരാശജനകമായ അനുഭവത്തിൽ ഞങ്ങൾ മാപ്പ് പറയുന്നു. നിങ്ങൾക്ക് ഈ അനുഭവമുണ്ടാകുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ ബുക്കിങ് വിവരങ്ങൾ ഞങ്ങൾക്ക് സ്വകാര്യ സന്ദേശമായി അയക്കുക. അക്കാര്യം ഞങ്ങൾ ഉടൻ പരിഹരിക്കും' അഷ്‌റഫിന്റെ കുറിപ്പിന് താഴെ പോസ്റ്റ് ചെയ്ത കമന്റിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.

Tags:    
News Summary - ‘Did you see this biryani’; Ashraf Thamarassery shares his experience in Air India Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.